എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച, 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റി പ്രശ്നം പരി​ഹരിച്ചതായി എച്ച്പിസിഎൽ

എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ (എച്ച്പിസിഎൽ) നിന്നു വീണ്ടും ഇന്ധന ചോർച്ചയെന്നു നാട്ടുകാർ. വീണ്ടും ഡീസൽ ഓവുചാലിലേക്ക് ഒഴുകി എത്തുകയാണെന്നും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശങ്കയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ ഒഴുകിയെത്തിയ ഡീസലിന്റെ 90 ശതമാനവും മെഷീൻ ഉപയോഗിച്ച് നീക്കിയെന്നും പ്രശ്നം പരിഹരിച്ചെന്നുമാണ് അധികൃതർ പറയുന്നു. ഇതുവരെ 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റിയെന്ന് എച്ച്പിസിഎൽ അറിയിച്ചു.

പക്ഷെ പ്ലാന്റിന് സമീപത്തെ ഓവുചാലിലേക്ക് ഡീസൽ ഇപ്പോളും ഒഴുകി എത്തുന്നതു നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഡീസൽ ശേഖരിച്ചിരിക്കുന്ന ഭൂഗർഭ അറയിൽ ചോർച്ച ഇല്ലാതെ ഈ രീതിയിൽ ഡീസൽ ഒഴുകിയെത്തില്ല. ഡീസൽ ഓവുചാൽ വഴി പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തുന്നത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്നും നാട്ടുകാർ പറയുന്നു. ഇന്ധനം നീക്കുന്നതിന്റെ ഭാഗമായി ഓടയിൽ ഇട്ട സ്പോഞ്ച് നിറഞ്ഞിട്ടും എടുത്ത് നീക്കിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് മൂന്ന് മണിമുതലാണ് എച്ച്പിസിഎൽ പ്ലാന്റിൽനിന്ന് ഡീസൽ പുറത്തേക്ക് ഒഴുകി തുടങ്ങിയത്. പ്ലാന്റിലെ ഓവർഫ്ളോ കാരണമാണ് ഡീസൽ ഒഴുകി എത്തിയതെന്നാണ് അധികൃതർ പറയുന്നത്. ഫറോക്ക് ഐഒസിയിൽനിന്നു രാത്രി 12 മണിയോടെ എത്തിയ അഗ്നിരക്ഷാസേനയും ടെക്നിക്കൽ സംഘവും മെഷീനുകളുടെ സഹായത്തോടെ ടാങ്കറിലും ബാരലിലേക്കും ഇന്ധനം മാറ്റി പ്ലാന്റിലേക്കു കൊണ്ടുപോയി. ബാരലുകൾ പ്ലാന്റിൽ ഇല്ലാത്തതിനാൽ ഡീസൽ ശേഖരിക്കുന്നതു വൈകിയിരുന്നു. ടാങ്കർ ലോറി എത്തിച്ച് പ്രശ്നം പരിഹരിച്ചു. ഇതിനായി എറണാകുളത്തെ പ്ലാന്റിൽനിന്നു പത്തോളം ബാരലുകൾ പുലർച്ചെ ഒരു മണിയോടെ എത്തിച്ചതായും എച്ച്പിസിഎൽ പറഞ്ഞു.

pathram desk 5:
Related Post
Leave a Comment