ഒരു കത്തുകൊണ്ട് ആദ്യ ഭാര്യയായ പ്രമീള നായരുടെ തുറന്നെഴുത്തുകളെ റദ്ദാക്കിയ എംടി; ഇംഗ്ലീഷിലും മലയാളത്തിലും കഥകളെഴുതിയ മികച്ച എഴുത്തുകാരി മഹാനായ എഴുത്തുകാരനാല്‍ ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടാണ്? സാഹിത്യലോകം ചര്‍ച്ച ചെയ്യാന്‍ മടിച്ച സ്ത്രീ ജീവിതം

കോഴിക്കോട്: അന്തരിച്ച എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യയും എംജിആറിന്റെ കുടുംബാംഗവുമായിരുന്ന പ്രമീള നായരുടെ എഴുത്തുകളെ എംടി ഒറ്റക്കത്തിലൂടെ റദ്ദാക്കിയെന്ന് എഴുത്തുകാരി എച്മുക്കുട്ടി. എംടിയുടെ മഞ്ഞ് അടക്കമുള്ള കഥകളെ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് പ്രമീള നായരാണ്. ഇരുവരും ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകരായിരിക്കുമ്പോഴാണു പ്രണയിച്ചതും ഒന്നിച്ചു ജീവിച്ചതും. അക്കാലത്തെ ലിവിംഗ് ടുഗദര്‍ ആയിരുന്നു അത്. പിന്നീട് എംടി അവരെയും മകളെയും ഉപേക്ഷിച്ചതിന്റെയും അധികമാര്‍ക്കും അറിയാത്ത പ്രമീള നായരെന്ന എഴുത്തുകാരിയെ പരിചയപ്പെടുത്തുകയും കൂടിയാണ് എഴുത്തുകാരിയായ എച്മുക്കുട്ടി.

 

എംടിയുടെ കഥകൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തതു പ്രമീളയാണ്. ‘മഞ്ഞ്’ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വിവർത്തനസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി കരുതുന്നവരുണ്ട്. എംടിയുടെ നിർമാല്യം (തിരക്കഥ), നിന്റെ ഓർമയ്ക്ക്, ബന്ധനം, അയൽക്കാർ, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’, ‘മതിലുകൾ’,

 

ടി.ദാമോദരന്റെ 1921 (തിരക്കഥ), പി.വി.തമ്പിയുടെ ‘കൃഷ്ണപ്പരുന്ത്’ തുടങ്ങിയവയും പ്രമീള ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിരുന്നു. ‘ഗൗതമി എന്ന പെൺകുട്ടി’ എന്ന ചെറുകഥാസമാഹാരം പുറത്തിറക്കി. പ്രമീളയുടെ ബന്ധു നൈനിറ്റാളിൽ ജോലി ചെയ്തിരുന്നു. മധുവിധുകാലത്ത് അദ്ദേഹത്തിന്റെ അതിഥികളായി എംടിയും പ്രമീളയും നൈനിറ്റാളിൽ പോയി ഏതാനും ദിവസം തങ്ങുകയുണ്ടായി. അവിടെ നിന്നു തിരിച്ചു വന്ന ശേഷമാണ് എംടി ‘മഞ്ഞ്’ എഴുതിയത്.

 

എംടിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പ്രമീള ദീർഘകാലം മകൾ സിതാരയ്‌ക്കൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് രോഗബാധിതയായി നീണ്ടകാലം ചികിത്സയിൽ കഴിഞ്ഞു. കോഴിക്കോട് നടക്കാവിൽ ക്രിസ്ത്യൻ കോളജിനു സമീപത്തെ വീട്ടിലായിരുന്നു അവസാനകാലം. 1999 നവംബർ 10നു പ്രമേഹം മൂർച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

അവരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രമീളാനായരും ഞാനും….
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് ഞാൻ എഴുതുന്നത് എന്ന ചോദ്യത്തിൻറെ ഉത്തരം പ്രമീളാനായരോടുള്ള എൻറെ അനുതാപമെന്നാണ്. അവരുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞ എന്നെപ്പോലേ ഒരു സ്ത്രീക്ക് ഈയൊരു കുറിപ്പെങ്കിലും എഴുതിയില്ലെങ്കിൽ തീരേ സമാധാനമില്ലാതെയാകും. തനിച്ചാക്കപ്പെടുന്ന, വഴികൾ അടയ്ക്കപ്പെടുന്ന, വീർപ്പുമുട്ടിക്കപ്പെടുന്ന സ്ത്രീകൾക്കൊപ്പമായിരിക്ക
ണം ഈ ലോകം മുഴുവൻ പിന്തുണയായി നില്ക്കേണ്ടതെന്ന് വിചാരിക്കുന്ന, എഴുതുന്ന, പറയുന്ന ഞാൻ പോലും ഇങ്ങനൊരു കുറിപ്പ് എഴുതിയില്ലെങ്കിൽ അത് എന്നോട് തന്നെ ചെയ്യുന്ന വലിയ അനീതിയാകും. എന്നോട് തന്നെയുള്ള നുണ പറയലാകും. നമ്മുടെ കേളി കേട്ട ഫെമിനിസ്റ്റുകളിൽ ഒരാൾക്കും ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ കഴിയില്ല. കാരണം എം ടി യുടെ വടവൃക്ഷത്തണൽ ലബ്ധപ്രതിഷ്ഠരായ മിക്കവാറും പുരുഷഎഴുത്തുകാർക്കും അതുപോലെ മിക്കവാറും സ്ത്രീഎഴുത്തുകാർക്കും ധാരാളമായി ലഭ്യമായിട്ടുണ്ട്. അതുകൊണ്ട് പ്രമീളാനായരോടും സിത്താര എന്ന മകളോടും എം ടി അനീതി കാട്ടിയെന്ന് അവർ ആരും പറയില്ല.എല്ലാവരും സാധിക്കുമ്പോഴെല്ലാം എം ടിയിൽ നിന്ന് ലഭിച്ച മൃദുലമായ രക്ഷാകർതൃത്വം ജിലേബി പോലേ ആസ്വദിച്ചിട്ടുണ്ട്. അത് ഫെമിനിസ്റ്റ് സാഹിത്യമെഴുത്തായാലും മധുരിച്ച്  ചെടിപ്പിക്കുന്ന എഴുത്തായാലും ഏറേ കൊട്ടിഘോഷിച്ച് മേഘഗർജ്ജനമായറിയപ്പെടുന്ന എഴുത്തായാലും, ഇരമ്പിയാർക്കുന്ന സാഗരോപമമായ എഴുത്തായാലും അങ്ങനെയാണ്.അതുകൊണ്ട് എല്ലാവരും അതിമനോഹരമായ മൗനം പാലിക്കും.
എംടി യുടെ ആദ്യഭാര്യ പ്രമീളാനായർ എഴുതിയ ചെറുകഥകൾ അതിൽ തന്നെ പോൾക്കാ ഡോട്ടുള്ള സാരി ധരിച്ച ഒരു സ്ത്രീയെക്കുറിച്ച് എഴുതിയത്…അതാണ് ഞാൻ ആദ്യം വായിച്ചത്… നല്ലൊരു എഴുത്തുകാരിയായിരുന്നു അവർ. മകൾ സിത്താരയുടെ അമേരിക്കയിലുള്ള വീട്ടിൽ താമസിക്കുമ്പോൾ ആഫ്രിക്കക്കാരനായ ഒരു കള്ളൻ വീട്ടിൽ വന്ന് ബെല്ലടിച്ചതും അവർ വാതിൽ തുറന്നതും വീട്ടിൽ കുറേ നേരം ഇരുന്നതും പിന്നീട് അയാൾ മാന്യമായി യാത്ര പറഞ്ഞു പോയതും കള്ളനാണെന്ന് അറിഞ്ഞ് അന്തംവിട്ടു പോയതും ഒക്കെ അതീവ ചാരുതയോടെ അവർ എഴുതീരുന്നത് ഞാൻ വായിച്ചിട്ടുണ്ട്. സിത്താരക്ക് കുഞ്ഞുണ്ടാകുന്ന സമയത്ത്, ലേബർ റൂമിലുണ്ടായിരുന്ന സിത്താരയുടെ ഭർത്താവ് സഞ്ജയ് കണ്ണുകളടച്ചു പിടിച്ചുവെന്നത് അവർ എഴുതീരുന്നു. അവരുടെ സഹോദരൻറെ ഭാര്യ അമേരിക്കക്കാരിയാണെന്നും അവരെ സഹോദരൻ മലയാളത്തിൽ വഴക്ക് പറയുമെന്നും അങ്ങനെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കുറിപ്പ് അവർ എഴുതിയതും ഞാൻ ഓർക്കുന്നുണ്ട്. സിത്താരയ്ക്ക് കുഞ്ഞുണ്ടായ വേളയിൽ, സിത്താര ജനിച്ചു എന്ന് അവരുടെ കാതിൽപ്പറഞ്ഞ ആ ശബ്ദത്തെ അവർ ഓർക്കുന്നതെഴുതീരിക്കുന്നത് വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്. അത്രമേൽ മനസ്സു തൊടുന്ന വിധത്തിലാണ് അവർ എഴുതിയിരുന്നത്… പറയാതിരിക്കാൻ കഴിയില്ല, പ്രമീളാനായർ വളരേ  ഭംഗിയായി, മനോഹരമായി എഴുതീരുന്നു… അവരെ നേരിട്ടു കാണണമെന്ന് എനിക്ക് അപ്പോഴൊക്കെ മോഹം തോന്നിയിരുന്നു….
പിന്നീട് വളരേക്കാലത്തിനു ശേഷം അജിതേച്ചിയുമൊത്ത് മഹാരാജാസ് കോളേജിലെ ഒരു പരിപാടിയിൽ സംബന്ധിക്കുകയുണ്ടായി. അന്ന് അജിതേച്ചി പ്രമീളാനായരെക്കുറിച്ച് സംസാരിച്ചു. എം ടി അവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചുവെന്നും അവർ എംടിയുമായി കേസിനും വഴക്കിനുമൊന്നും പോയില്ലെന്നും പറഞ്ഞു. എനിക്ക് അതൊരു വാർത്തയായിരുന്നില്ല. എനിക്ക് അറിയാവുന്ന കാര്യമായിരുന്നു അത്. കലാകൗമുദിയിൽ വന്ന പ്രമീളാനായരുടെ എ പാറ്റ് ഓൺ ദ ഷോൾഡേഴ്സും ദ വിൻഡ് ഇൻ മൈ ഹെയറും ഞാൻ 1976 ലും 1977 ലും അവരുടെ ജീവിതാനുഭവമായി വായിച്ചു കഴിഞ്ഞിരുന്നു. അന്ന്  സ്കൂളിൽ പഠിച്ചിരുന്ന എനിക്ക് ആ കുറിപ്പുകൾ വലിയ വേദനയുണ്ടാക്കി. മകൾ ഇപ്പോൾ പൊട്ടിച്ചിരിക്കുന്നുവെന്ന് അവർ എഴുതിയിരുന്നു. ഞാനും അശാന്തമായ ഒരു വീട്ടിലെ മകളായിരുന്നുവല്ലോ. പൊട്ടിച്ചിരിക്കാൻ കഴിയുന്നതിന്റെ വിലയെനിക്കറിയാമായിരുന്നു. അതുകൊണ്ട് ആ കുറിപ്പുകളിലെ വേദനയും നീറ്റലും എന്നെ അതിവേഗം വന്നു തൊട്ടു. പ്രമീളാനായരുടെ കുറിപ്പുകളെല്ലാം എന്നെ വല്ലാത്ത വിഷാദത്തിലാഴ്ത്തിയിട്ടുണ്ട്.
നഷ്ടബോധങ്ങൾ എന്ന പ്രമീളാ  നായരുടെ ആത്മകഥാംശമുള്ള രചന പെട്ടെന്ന് നിറുത്തുകയായിരുന്നു. മലയാളനാട് വാരികയിലാണ് അത് പ്രസിദ്ധീകരിച്ച് വന്നത്. മലയാളനാടിൻറെ പത്രാധിപർ എസ്. കെ നായർക്ക് എം ടി എഴുതിയ കത്ത്  തൃശ്ശൂർ നിന്നിറങ്ങിയ സാഹിത്യവിമർശമെന്ന ഒരു ദ്വൈമാസികാ പ്രസിദ്ധീകരണത്തിൽ വന്നിട്ടുണ്ട്. എം ടി ഒരു മഹാമേരു ആയി വളർന്നു നില്ക്കുന്ന മലയാളത്തിലെ സാഹിത്യസാംസ്ക്കാരിക ലോകത്ത് ആ ലേഖനം പ്രസിദ്ധീകരിക്കാൻ ശിഖാമോഹൻദാസ് എന്ന എഴുത്തുകാരന് ഒറ്റ വാരികയും ഒറ്റ മാസികയും ഒറ്റപ്പത്രവും സമ്മതം നല്കിയില്ല. അങ്ങനെയാണ് അത് സാഹിത്യവിമർശത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. 2017 ലാണ് ശിഖാമോഹൻദാസ് എഴുതിയ ഈ ലേഖനം വരുന്നത്. അതായത് എം ടി മരിക്കുന്നതിന് ഏഴു വർഷം മുൻപു തന്നെ ഈ ലേഖനം വന്നു കഴിഞ്ഞു. ഇപ്പോൾ എല്ലാവരും മുറവിളി കൂട്ടുന്നുണ്ടല്ലോ…മരിച്ചിട്ട് ആണോ പറയുന്നത്? ജീവിച്ചിരിക്കുമ്പോൾ പറയേണ്ടേ എന്ന്…ജീവിച്ചിരിക്കുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, എം ടി അത് ശ്രദ്ധിച്ചതേയില്ല. ഈ രണ്ട് ജീവിതാവസ്ഥകളും  എനിക്ക് നല്ല പരിചയമാണ്. വി ജി തമ്പിയുടെ സുഹൃത്തുക്കളും വിദ്യാർത്ഥികളും ആരാധകരും നിറഞ്ഞ മാധ്യമരംഗത്തു നിന്നും സാഹിത്യോൽസവങ്ങളിൽ നിന്നും സാംസ്ക്കാരിക പരിപാടികളിൽ നിന്നും ഞാൻ എങ്ങനെയാണ്  വളരേ ഭംഗിയായി ഒഴിവാക്കപ്പെടുന്നതെന്ന് എനിക്കറിയാമല്ലോ. ഞാൻ പറയുന്നതിന് ഒന്നും മറുപടി പറയാതിരിക്കുന്നതും അതു പോലേ ഒരു തന്ത്രമാണ്. വി. ജി. തമ്പിയും സാറടീച്ചറും മറ്റ് അനവധി സ്ത്രീ വിമോചനപ്രവർത്തകരും എൻറെ തുറന്നു പറച്ചിലിനെ അവഗണിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതു പോലേയുള്ള വിദ്യയാണ്. അതുകൊണ്ട് എനിക്ക് ഇമ്മാതിരി ഒതുക്കപ്പെടലിൻറേതായ കാര്യങ്ങൾ വളരേ നന്നായി മനസ്സിലാവുന്നുണ്ട്
1962 മുതൽ 1976 വരെയാണ് പ്രമീള നായരും എം ടിയും ഒരുമിച്ചു ജീവിച്ചത്. ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകരായിരുന്നു ഇരുവരും. ആ പരിചയമാണ് സ്നേഹത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിച്ചത്. അതിനെക്കുറിച്ച് 1974 ലെ മലയാളനാട് ഓണപ്പതിപ്പിൽ വി ബി സി നായരുടെ പൂർണത തേടുന്ന അപൂർണ ബിന്ദുക്കൾ എന്ന് പംക്തിയിൽ  മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എഴുതിയിട്ടുള്ളത്
‘ എൻറെ കല്യാണത്തിന് ക്ഷണക്കത്ത് ഉണ്ടായിരുന്നില്ല, ചടങ്ങുണ്ടായിരുന്നില്ല ഒരുമിച്ചു വർക്ക് ചെയ്തിരുന്ന അവരോട് ഒരു സൗഹൃദമുണ്ടായിരുന്നു. പുസ്തകങ്ങളാണ് ഞങ്ങളെ അടുപ്പിച്ചത്. ഒരുദിവസം അവർ ഒരു കുറിപ്പ് കൊടുത്തയച്ചു. അമ്മയുമായി പ്രശ്നത്തിലാണ്. വൈ ഡബ്ളിയു സി എ യിലോ മറ്റോ താമസം ശരിയാക്കാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. ഞാൻ ആ കുറിപ്പ് കീറിക്കളഞ്ഞ് എൻറെ വീട്ടിൽ താമസിച്ചോളൂ എന്നറിയിച്ചു. അങ്ങനെ അവർ എനിക്കൊപ്പം താമസമാക്കി. പിറ്റേന്ന് വീട്ടുടമസ്ഥക്ക് ഞാനവരെ പരിചയപ്പെടുത്തിയത് എൻറെ ഭാര്യ എന്നാണ്. ആളുകൾ ഓരോ അപവാദങ്ങൾ പറഞ്ഞു. രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് അവർ പറഞ്ഞെങ്കിലും അമ്പലത്തിനും  പള്ളിക്കും  കൊടുക്കാത്ത വിശുദ്ധിയൊന്നും രജിസ്ട്രാർക്കും  നല്കേണ്ടെന്ന് കരുതി രജിസ്റ്റർ ചെയ്തില്ല എന്നാണ്.
പ്രമീളാനായർക്ക് എംടിയെ വലിയ വിശ്വാസമായിരുന്നുവെന്നാണ് എനിക്ക് മനസ്സിലായത്. അല്ലെങ്കിൽ 1962 ലൊക്കെ ലിവിംഗ് ടുഗെദർ എന്ന വാക്കു തന്നെ സമൂഹത്തിലില്ലാത്ത കാലത്ത് അവർ അങ്ങനൊരു കാര്യത്തിന് തയ്യാറാവുകയില്ലല്ലോ.
പാലക്കാട്  വടവന്നൂരിൽ വലിയ മരുതൂർ തറവാട്ടിലാണ് പ്രമീളാനായർ ജനിച്ചത്. എം. ജി. ആറിന്റെ തറവാട് തന്നെ. അവരുടെ അമ്മയുടെ പേര് ദേവകിയമ്മ എന്നായിരുന്നു. അച്ഛൻ കോഴിക്കോട് പുതിയതറയിലുള്ള മൂച്ചിക്കൽ തറവാട്ടിലെ വാസുദേവൻ നായർ. അദ്ദേഹം കോഴിക്കോട് ജില്ലാ ജഡ്ജിയുടെ ടൈപ്പിസ്റ്റ് ആയിരുന്നു. പ്രമീളാനായർ പഠിച്ചതും വളർന്നതും കോഴിക്കോടാണ്. ബി എം ഇ സ്ക്കൂളിലും ക്രിസ്ത്യൻ കോളേജിലും മാംഗ്ളൂർ സെൻറ് ആഗ്നസ് കോളേജിലുമാണ് പ്രമീള നായർ പഠിച്ചത്. സെൻറ് വിൻസെന്റ് കോളനി ഗേൾസ് സ്കൂളിൽ ജോലിക്ക് ചേരുന്നതിനു മുമ്പേ, കുറച്ചു കാലം അവർ കോഴിക്കോട്  ആനിഹാൾ റോഡിലുള്ള എം ബി ട്യൂട്ടോറിയലിൽ പഠിപ്പിച്ചിരുന്നു.അക്കാലത്ത് എം ടി യും അവിടെ അദ്ധ്യാപകനായിരുന്നു.
എം. എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് പ്രമീളാനായരുടെ വിദ്യാഭ്യാസയോഗ്യത. അവർ ഇംഗ്ലീഷിലും മലയാളത്തിലും കഥകൾ എഴുതിയിരുന്നു. സ്ത്രീപക്ഷ രചനകളിൽ അവർക്ക് നല്ല താത്പര്യവും കഴിവും ഉണ്ടായിരുന്നു. 1967ൽ അവർ എഴുതിയ കാലം എന്ന കഥയെക്കുറിച്ച് ശ്രീ ശിഖാമോഹൻദാസ്  ഒരു പ്രകാശപൂർണ്ണമായ പരാജയം എന്ന ലേഖനത്തിൽ പറയുന്നുണ്ട്. ആ കഥയിൽ പ്രമീളാനായർ അവരുടെ വിവാഹജീവിതത്തിൻറെ പിന്നീടുണ്ടാവുന്ന  തകർച്ചയെ കണ്ടുകഴിഞ്ഞിരുന്നു. അതിൻറെ പ്രവചനാത്മകത അത്രയും  ഗംഭീരമായിരുന്നു. ഓട്ടോബയോഗ്രഫിക്കൽ ഫിക്ഷനിൽ അവർ വളരേ ഭംഗിയായി കഴിവ്  തെളിയിച്ചു.
എം ടി യുടെ രചനകളെ ആദ്യം ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയിലും മറ്റും പ്രസിദ്ധീകരിക്കാൻ കാരണമായത് പ്രമീളാനായരാണ്. അവരുടെ ഇംഗ്ലീഷ് വ്യുൽപ്പത്തി എം ടിക്ക് ഇംഗ്ലീഷ് വായനക്കാരുടെ മനസ്സിൽ ഉയർന്ന സ്ഥാനം നേടിക്കൊടുത്തു.
‘ മഞ്ഞ് ’ എഴുതുന്നത് തന്നെ പ്രമീളാനായരുടെ അമ്മാവൻ ശ്രീ എം എസ് മേനോൻറെ നൈനിററാളിലുള്ള വീട്ടിൽ ചെലവാക്കിയ ദിവസങ്ങളുടെ അനുഭവത്തിലാണ്. പ്രമീളാനായരുടെ അമ്മാവൻ ഇൻഡ്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായിരുന്നു. മഞ്ഞിനെ Myst എന്ന പേരിൽ പ്രമീളാനായർ ഇംഗ്ളീഷിലേക്ക് അതീവസുന്ദരമായി മൊഴിമാറ്റി. ഓറിയന്റ് ലോംഗ് മാൻ ആണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രമീളാനായരുടെ മകൾ സിത്താര Myst എന്ന വിവർത്തനം 1992 ൽ വാഷിംഗ്ടണിൽ വെച്ച്  നടന്ന ലോകമലയാള സമ്മേളനത്തിൽ അവതരിപ്പിച്ചു. യുവ എഴുത്തുകാരുടെ ആ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് എം ടി തന്നെയായിരുന്നു. ആ പുസ്തകം അവിടെ സവിശേഷ ശ്രദ്ധ നേടുകയും ചെയ്തു.
1970ൽ കോട്ടയത്ത് നിന്ന് ആരംഭിച്ച ഒരു മാസികയായിരുന്നു മഹിളാരംഗം. പ്രശസ്ത എഴുത്തുകാരൻ സി പി ശ്രീധരന്റെ ഭാര്യ ശ്രീമതി നളിനി ശ്രീധരനാണ് മാസികയ്ക്ക് നേതൃത്വം നല്കിയത്. മാസികയുടെ ആദ്യ ലക്കത്തിൽ  പ്രമീളാനായർ ഒരു കുറിപ്പ് എഴുതിയിരുന്നു. ‘ഭർത്താവ് എൻറെ ദൃഷ്ടിയിൽ’ എന്ന ആ കുറിപ്പ് എം ടി എന്ന ഗൃഹനാഥനെ സത്യസന്ധമായി ആവിഷ്കരിച്ചതായിരുന്നു. മാധവിക്കുട്ടിയുടെ എൻറെ കഥയ്ക്കു ശേഷം സ്വന്തം ജീവിതത്തെ ഇത്രയും തുറന്നുകാട്ടുന്ന ഒരു രചന അന്നോളം വന്നിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. കുഞ്ഞിനേയോ ഭാര്യയേയോ ശ്രദ്ധിക്കാൻ സമയമില്ല, മുഴുവൻ സമയവും കൂട്ടുകാരുടെയൊപ്പം,പിന്നെ മദ്യം എം ടിയെ വലിച്ചു കുടിക്കുന്നതും പതിവായിരുന്നു.
1979 ഏപ്രിൽ മാസത്തിലെ മലയാളനാട് വിഷുപ്പതിപ്പിലാണ് നഷ്ടബോധങ്ങൾ പ്രമീളാനായർ എഴുതുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് നിറുത്തുകയായിരുന്നു അത്. എം ടി മലയാളനാട് പത്രാധിപർ എസ് കെ നായർക്ക് എഴുതിയ കത്തും സാഹിത്യ വിമർശനത്തിൽ ശ്രീ ശിഖാമോഹൻദാസ് വെളിപ്പെടുത്തുന്നു.
My dear S K,
വളരേ personal ആയ ഒരു കാര്യമാണ് എഴുതുന്നത്.
വി ബി സി  ഇവിടെ വന്നപ്പോൾ കണ്ടിരുന്നു. വി ബി സി പോയപ്പോൾ നഗരത്തിലെ ചില സുഹൃത്തുക്കൾ വന്നു പറഞ്ഞു.എൻറെ ആദ്യഭാര്യയെക്കൊണ്ട് തകർന്ന വിവാഹബന്ധത്തിൻറെ കഥ എഴുതിപ്പിക്കാൻ താങ്കൾ വി ബി സി യെ അയച്ചതാണെന്ന്. വെറും കേട്ടുകേൾവിയാണെങ്കിൽ ഈ കത്ത് മറന്നേക്കുക. കുറേ ചെളിവാരിയെറിയാൻ ഞാൻ നിന്നുകൊടുത്തിട്ടുണ്ട്. ഇനിയും അതു തുടരുകയാണോ? അതിൽ എസ് കെ യും വി ബി സിയും ഒക്കെ മുൻകൈ എടുക്കുന്നുവെന്നോ? എസ് കെ യ്ക്ക് ഒരു സഹായവും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ശരി. പക്ഷേ, ഒരു ദ്രോഹവും ഞാൻ ചെയ്തിട്ടില്ലല്ലോ എന്നോർത്തു പോയി.
കൂടുതൽ എഴുതുന്നില്ല.
സ്വന്തം
എം ടി.
എം ടി പ്രമീളാനായർക്ക് എതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്താലോ എന്ന് ആലോചിച്ചിരുന്നു.പക്ഷേ, അതൊന്നും ഉണ്ടായില്ല. നഷ്ടബോധങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മലയാളനാട് പിന്മാറി.പിന്നെ അങ്ങനൊരു രചനയെപ്പറ്റി ആരും ഒന്നും കേട്ടിട്ടില്ല. മാതൃഭൂമിയുടെ പത്രാധിപർ ആയി, തൻറെ പിൻഗാമികൾക്കെല്ലാം അവസരം നല്കിയ എം ടിയെ പിണക്കാൻ എഴുത്തുകാരിൽ ഒരാൾക്കും ഇഷ്ടമുണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് പ്രമീളാനായരെ മലയാളഭാഷയും കേരളനാടും ഒരു പ്രയാസവും കൂടാതെ കൈയൊഴിഞ്ഞു കളഞ്ഞത്. എം ടി യെപ്പറ്റി ആയിരം പുറങ്ങൾ എഴുതുന്നവരിൽ ഒരാൾ പോലും പ്രമീളാനായരേയും സിത്താരയേയും ചുമ്മാ ഒന്നു പരാമർശിക്കാൻ പോലും  ധൈര്യപ്പെടാറില്ല.
പ്രമീളാനായർക്ക് ഡയബറ്റിസ് കൂടി കാൽ മുറിക്കേണ്ടി വരികയും പിന്നീട് അവർ കോമയിലേക്ക് പോവുകയുമായിരുന്നു. അവർക്ക് എം ടിയെ ഒന്നു കൂടി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, അത് എം ടിയുടെ  ഒരു സുഹൃത്ത്  അദ്ദേഹത്തെ കൃത്യമായി അറിയിച്ചുവെങ്കിലും എം ടി അവരെ പോയി കണ്ടില്ല. 1999 നവംബർ 10 ന് പ്രമീളാനായർ കോമയിൽ തന്നെ മരിച്ചു പോവുകയും ചെയ്തു. പ്രമീളാനായർ മരിക്കുമ്പോൾ അവരുടെ അമ്മ ദേവകിയമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു. അമ്മ മരിച്ചത് 2001 ലാണ്. അച്ഛൻ 1976 ൽ  മരിച്ചു പോയിരുന്നു.
എം ടി  യുടെ മഞ്ഞ്, നിൻറെ ഓർമ്മയ്ക്ക്, ബന്ധനം, അയൽക്കാർ, നിർമ്മാല്യം (തിരക്കഥ) എന്നിവയും ബഷീറിന്റെ നീലവെളിച്ചം, മതിലുകൾ, പി വി തമ്പിയുടേ കൃഷ്ണപ്പരുന്ത്, ടി വി വർക്കിയുടെ നാം ചിതലുകൾ, ടി. ദാമോദരൻറെ 1921(തിരക്കഥ) എന്നിവയും പ്രമീളാനായർ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
എം ടി യെ പ്രമീളാനായർ ഉപേക്ഷിച്ചു പോവുകയാണുണ്ടായത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അവർ സംശയരോഗി ആയിരുന്നുവെന്നും കേട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് എം ടി പ്രമീളയെ ഉപേക്ഷിച്ചു വേറേ വിവാഹം ചെയ്തു എന്നാണ്. എം ടിയുമായി പിരിഞ്ഞതിനു ശേഷം പ്രമീളാനായർ ഏറേക്കാലം മകൾ സിത്താരയ്ക്കൊപ്പം അമേരിക്കയിലായിരുന്നു. പ്രമീളാനായരുടെ ഇളയ സഹോദരൻ ഗോപകുമാർ നാല്പതിലധികം വർഷമായി അമേരിക്കയിൽ താമസിക്കുന്നു. ഇന്ദ്രനാഥ് എന്ന മൂത്ത സഹോദരൻ മരിച്ചു പോയി.  നവീൻ ചന്ദ്രൻ എന്ന സഹോദരൻ കോഴിക്കോട് താമസിക്കുന്നുണ്ട്.
നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ് എം ടിയെ ഞാൻ ആദ്യം വായിക്കുന്നത്. എൻറെ ഓർമ്മ ശരിയാണെങ്കിൽ എം ടി എഴുതിയത് ഏകദേശം എല്ലാം തന്നെ ഞാൻ വായിച്ചു കാണും. ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’യാണ് എം ടി യുടെ രചനകളിൽ എന്നെ എന്നും മഥിച്ചിട്ടുള്ളത്. പറഞ്ഞറിയിക്കാൻ വയ്യാത്ത കൊടിയ നിസ്സഹായത അതു വായിക്കുമ്പോഴെല്ലാം എന്നെ പൊട്ടിക്കരയിച്ചിട്ടുണ്ട്. നിംഫോമാനിയാക് എന്ന് ഞാനും വിളിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് അതു വായിക്കുമ്പോൾ എൻറെ രോമകൂപങ്ങൾ പോലും കണ്ണീർവാർക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
എം ടി യുടെ സ്ത്രീ കഥാപാത്രങ്ങളിൽ കൃത്യമായ ഒരു പാറ്റേൺ വ്യക്തമാണ്. വിദ്യാഭ്യാസമുള്ള ഇംഗ്ലീഷ് അറിയുന്ന സ്ത്രീക്കല്ല, ജീവിതത്തിലെ പുരുഷനെ മനസ്സിലാവുക, വിദ്യാഭ്യാസം കുറഞ്ഞ ഗ്രാമീണയായ ത്യാഗമയിയായ സ്ത്രീക്കാണ് പുരുഷനെ മനസ്സിലാവുക. ഇത് ആവർത്തിച്ചു വരുന്ന ഒരു സങ്കല്പമാണ്. തകർന്ന തറവാടിൻറെ നൊമ്പരം പോലേ, സ്ത്രീ മനസ്സിനെക്കുറിച്ച് വളരേ ഗംഭീരമായ ഒരു കണ്ടെത്തലെന്ന മട്ടിൽ എം ടി, തികച്ചും പിന്തിരിപ്പനായ, ഫ്യൂഡൽ സങ്കല്പങ്ങളിലാണ് സ്വന്തം സ്ത്രീകഥാപാത്രങ്ങളെ തളച്ചിട്ടിട്ടുള്ളത്. നിസ്സഹായതയുടെയും നിവർത്തിക്കാനാവാത്ത സ്നേഹത്തിന്റെയും കണ്ണീരിൽ പ്രണയമധുരത്തിൻറെ മേമ്പൊടി ചാലിച്ച് പുരട്ടുന്നതുകൊണ്ട് സ്ത്രീവിരുദ്ധത എത്രത്തോളമുണ്ട് രചനകളിലെന്ന് പൊടുന്നനെ ആർക്കും മനസ്സിലാവില്ല. തൻകാര്യക്കട്ടികളാണ് സകല പെണ്ണുങ്ങളുമെന്ന് എം ടി എപ്പോഴും തൻറെ കഥാപാത്രങ്ങളെ ഉപയോഗിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉണ്ണിയാർച്ചയെന്ന പേരിൽ കാലങ്ങളായി അറിയപ്പെട്ടിരുന്ന മലയാളിയുടെ വീരവനിതയെ എം ടി വിശ്വസിക്കാൻ കൊള്ളാത്ത, ഭർത്താവിനെ ചതിക്കുന്ന ഒരു ധനമോഹിയാക്കി മാറ്റി.സ്ത്രീകൾക്കാണ് കുടിലബുദ്ധിയുണ്ടാവുകയെന്ന ന്യായീകരണം പറഞ്ഞ് അരിങ്ങോടരല്ല, അരിങ്ങോടരുടെ മകളാണ് ഇരുമ്പാണിക്ക് പകരം മുളയാണി വെപ്പിച്ച് ചതിച്ചതെന്നാക്കി. വടക്കൻ വീരഗാഥയുടെ തിരക്കഥയ്ക്ക് അവതാരിക എഴുതുമ്പോൾ ഫെമിനിസ്റ്റായ സാറ ടീച്ചർ പോലും ഈ സ്ത്രീവിരുദ്ധത കണ്ടില്ല.
എം ടി  യെക്കുറിച്ച് ഉള്ളതിലും എത്രയോ അധികം പൊലിപ്പിച്ചു പ്രദർശിപ്പിക്കാറുണ്ട് എല്ലാവരും. ആവശ്യത്തിലും എത്രയോ അധികം വീർപ്പിച്ച  ഒരു ബലൂണിൻറെ ദൗർബല്യം എം ടിക്ക് ഉണ്ടായിരുന്നു എഴുത്തിലും വ്യക്തിജീവിതത്തിലുമെന്നാണ് എൻറെ തോന്നൽ… പുസ്തകമായി വന്ന ആദ്യകൃതിക്ക് തന്നെ അവാർഡ് എന്ന് വല്ലാതെ വാഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്. 1957ൽ കോഴിക്കോട് പി കെ ബ്രദേഴ്സ് ബുക്ക് ആക്കിയത് പാതിരാവും പകൽ വെളിച്ചവുമാണ്. 1958 ലാണ് തൃശൂർ കറൻറ് ബുക്ക്സ് നാലുകെട്ട് പുറത്തിറക്കുന്നത്. നാലുകെട്ടിനാണല്ലോ അക്കാദമി അവാർഡു കിട്ടുന്നത്.
എം ടി തീരെ ഓർമ്മിക്കാൻ താല്പര്യപ്പെടാത്ത രണ്ട് പേരുകളിൽ ഒന്ന് പ്രമീളാനായരുടേതും മറ്റൊന്ന് ടി. ദാമോദരൻറേതുമാവാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉടഞ്ഞ വിഗ്രഹങ്ങൾ എന്ന ടി. ദാമോദരൻറെ നാടകത്തിലാണല്ലോ വിഗ്രഹത്തിലേക്ക് തുപ്പുന്ന വെളിച്ചപ്പാട് ഉള്ളത്. പള്ളിവാളും കാൽച്ചിലമ്പും എന്ന എം ടി യുടെ ചെറുകഥയിൽ അല്ലല്ലോ. നിർമ്മാല്യം തിരക്കഥ ആയപ്പോൾ തുപ്പുന്ന വെളിച്ചപ്പാട് കയറി വന്നു. ഇക്കാലത്തും ആ രംഗത്തിൻറെ പേരിൽ എം ടിയാണ് അറിയപ്പെടുന്നത്…
പ്രമീളാനായരെക്കുറിച്ചുള്ള പരാമർശങ്ങളെല്ലാം തന്നെ എം ടി യുടെ ഗുഡ് ബുക്കിൽ കയറാനായി സകല എഡിറ്റർമാരും ഒഴിവാക്കുമായിരുന്നു. ഏറേ പ്രതിഭയുണ്ടായിരുന്ന ഒരു സ്ത്രീ പക്ഷ എഴുത്തുകാരിക്ക്, ആത്മവിശ്വാസവും ഭാഷയും അപൂർവമായ നിരീക്ഷണപാടവവും തികഞ്ഞ ഒരു എഴുത്തുകാരിക്ക്, എം ടി യെ സ്നേഹിച്ചതിൻറെ പേരിൽ  സ്വന്തം സർഗജീവിതം ചിന്തിയ ചോരയുടെ ചെറിയ തുടിപ്പു പോലുമില്ലാതെ ബലികഴിക്കേണ്ട അവസ്ഥയാണുണ്ടായത്. മലയാള ഭാഷയുടെ എഴുത്തുകാരും എഡിറ്റർമാരും മാധ്യമങ്ങളും ഒന്നിച്ച് ചേർന്ന് കഴിവുറ്റ, അഭിമാനിനിയായ ഒരു സ്ത്രീപക്ഷ എഴുത്തുകാരിയെ പൂർണ നിശ്ശബ്ദയാക്കി.
മാതൃഭൂമിയിൽ ജേർണലിസ്റ്റ് ട്രെയിനി ആവാനായി എം ടിയുടെ മകളാണെന്ന്
എഴുതിത്തരാനപേക്ഷിച്ച സിത്താരയോട് ആദർശഭാരം നിമിത്തം പറ്റില്ലെന്ന് തീർത്തു പറഞ്ഞു എം ടിയെന്ന് കേട്ടിട്ടുണ്ട് ഞാൻ… എനിക്ക് ഏറേ സങ്കടം തോന്നി അതു കേട്ടപ്പോൾ…പൊടി പുരണ്ട്, ഞണുങ്ങിച്ചുളുങ്ങിയ ഞങ്ങളുടെ മൂന്നു മക്കളുടേയും ജീവിതം മുന്നിൽ കാണുന്നതു പോലേ തോന്നിയിട്ടുണ്ട് എനിക്ക്…
ബാലചന്ദ്രൻ ചുള്ളിക്കാട് എം ടി  യെ തോന്നിവാസി എന്ന് വിശേഷിപ്പിച്ചു കൊണ്ട് എഴുതിയിരുന്നത് എല്ലാവരും എടുത്ത് തലങ്ങും വിലങ്ങും ഉദ്ധരിക്കുന്നുണ്ട്. ബാലൻ എഴുതിയതെല്ലാം ശരിയാണ്. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ എം ടി ആരേയും വകവെച്ചില്ലെന്നത് ഒട്ടും ശരിയായില്ല. വകവെച്ചതുകൊണ്ടാണ് ഒരു പ്രത്യേക രീതിയിൽ അറിയപ്പെടാൻ എം ടി തീരുമാനിച്ചത്. എം ടി എഴുതിയതെല്ലാം അതിനായിരുന്നു…അതിനു വേണ്ടി മാത്രമായിരുന്നു.
pathram desk 6:
Related Post
Leave a Comment