വാഷിങ്ടൺ: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറൻസികളെ ആശ്രയിച്ചാൽ 100% നികുതിയെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങളോടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിക്‌സ് രാഷ്ട്രങ്ങൾ പുതിയ കറൻസി നിർമിക്കാനോ, യുഎസ് ഡോളറിന് പകരം മറ്റൊരു കറൻസിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാൽ 100% ചുങ്കം ചുമത്തുമെന്നാണ് സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്.
’’പുതിയൊരു ബ്രിക്സ് കറൻസി ഇവർ സൃഷ്ടിക്കരുത്. ഇതിനൊപ്പം യുഎസ് ഡോളറല്ലാതെ മറ്റൊരു കറൻസിയെ പിന്തുണയ്ക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ 100 ശതമാനം നികുതിയൊടുക്കാൻ അവർ തയാറാകണം. പിന്നീട് അവർക്ക് യുഎസ് സമ്പദ്‍വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കില്ല.’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ നടന്ന സമ്മേളനത്തിൽ ഡോളറല്ലാത്ത കറൻസി ഉപയോഗിച്ച് വ്യാപാരം നടത്തുന്നതിനെപ്പറ്റി ബ്രിക്സ് രാജ്യങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു നീക്കം. ഇതോടെയാണ് ഭീഷണിയുമായി ട്രംപ് എത്തിയത്.
ഇക്കാര്യത്തിൽ ബ്രിക്‌സ് രാജ്യങ്ങളിൽനിന്ന് ഉറപ്പ് വേണം. മറിച്ചൊരു ശ്രമമുണ്ടായാൽ അമേരിക്കൻ വിപണിയോട് വിട പറയേണ്ടി വരുമെന്നും ട്രംപ് ഓർമപ്പെടുത്തി. ‘ഊറ്റാൻ മറ്റൊരാളെ കണ്ടെത്തണം. ബ്രിക്‌സ് രാജ്യങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിൽനിന്ന് ഡോളറിനെ നീക്കാൻ സാധ്യതയില്ല, അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് അമേരിക്കയോട് ഗുഡ്‌ബൈ പറയാം’, ട്രംപ് കൂട്ടിച്ചേർത്തു.
ബ്രിക്സ് പേ എന്ന പേരിൽ സ്വന്തം പേയ്മെന്റ് സിസ്റ്റം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. യുറോപ്പിന്റെ സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ, ഇന്ത്യയുടെ യുപിഐ എന്നിവക്കെല്ലാം സമാനമായിരിക്കും ബ്രിക്സ് പേ. റഷ്യൻ റൂബിളിലും ചൈനീസ് യുവാനിലും ഇന്ത്യൻ രൂപയിലും ഇടപാടുകൾ നടത്താൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
Leave a Comment