കണ്ണൂർ: പഴയങ്ങാടിയിൽ തെങ്ങ് ദേഹത്തു വീണ് പത്തു വയസുകാരനു ദാരുണാന്ത്യം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെപി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇഎൻപി മുഹമ്മദ് നിസാൽ (10) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ തെങ്ങ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് കാണാൻ എത്തിയതായിരുന്നു നിസാൽ. എന്നാൽ ജന്മനാ വേഗത്തിൽ നടക്കാൻ സാധിക്കാത്ത നിസാലിന് തെങ്ങ് മറിഞ്ഞുവീഴുന്നതു കണ്ടെങ്കിലും മാറാൻ സാധിച്ചില്ല. കൂടെയുണ്ടായിരുന്ന കുട്ടികൾ ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
തെങ്ങ് പിഴുതു മാറ്റുന്നതിനിടെ വീഴുന്ന ദിശ മാറി നിസാൽ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ നിസാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിഹാൽ, നിയാസ് (വിദ്യാർഥികൾ).
Leave a Comment