ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും 1.56 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി

​​തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഫ്ലാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി വൻ തുക തട്ടിയെന്ന പരാതിയിൽ താരത്തിനും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭർത്താവുമായ ജോൺ ജേക്കബിനും ജോണിന്റെ സഹോദരൻ സാമുവലിനും എതിരെ നിയമനടപടികൾ തുടർന്നുവരികയായിരുന്നു.

2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ മുഖ്യപ്രതിയും കമ്പനി ചെയർമാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016ൽ അറസ്റ്റിലായിരുന്നു. 2011 മുതൽ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം നിർമാണം പൂർത്തിയാക്കി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നൽകാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമായിരുന്നു കേസ്

തുടർന്ന് തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിച്ചതോടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവിൽ പോയ ഇവരെ നാഗർകോവിലിലെ രഹസ്യ കേന്ദ്രത്തിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാരോൺ ഹിൽസ്, ഓർക്കിഡ് വാലി, സാങ്ച്വറി, പേൾക്രസ്റ്റ്, സെലേൻ അപ്പാർട്ട്മെന്റ്, നോവ കാസിൽ, മെരിലാൻഡ്, ഗ്രീൻകോർട്ട് യാഡ്, എയ്ഞ്ചൽ വുഡ് എന്നീ പദ്ധതികളായിരുന്നു നടിയും സംഘവും വാഗ്ദാനം ചെയ്തിരുന്നത്.

pathram desk 5:
Related Post
Leave a Comment