മാറ് മറയ്ക്കാതെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ പാരിസിലെ തെരുവുകളിൽ, ലക്ഷ്യം പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയമെന്ന് പ്രതിഷേധക്കാർ

ഫ്രാൻസിൽ വർധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ അർധ നഗ്നരായി പാരിസിലെ തെരുവുകളിൽ. പ്രസിദ്ധമായ ലൂവ്രെ പിരമിഡിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ മാറിടം മറയ്ക്കാതെ പ്രതിഷേധിച്ചത്.

സ്‌റ്റോപ്പ് വാർ ഓൺ വുമൺ, ജിൻ, ജിയാൻ, ആസാദി തുടങ്ങിയ ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങൾ ഫ്രഞ്ച്, ഇംഗ്ലിഷ്, കുർദിഷ് ഭാഷകളിൽ മാറിടങ്ങളിൽ എഴുതിയാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രായഭേദമന്യേ ആയിരക്കണക്കിന് സ്ത്രീകൾ ടോപ്‌ലെസായി അണിനിരന്നത്. പ്രതിഷേധത്തിന് ഐക്യദാ‌ഢ്യം പ്രഖ്യാപിച്ച് പുരുഷന്മാരും രം​ഗത്തെത്തിയതോടെ പാരീസിലെ തെരുവുകളിൽ പ്രതിഷേധ അലയൊലികൾ മുഴങ്ങി

സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ, പുരുഷാധിപത്യ അതിക്രമങ്ങൾ, എന്നിവ അവസാനിപ്പിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ അടിച്ചമർത്തപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ പെൺകുട്ടികളോടും സ്ത്രീകളോടും തങ്ങൾ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും കുർദിസ്ഥാൻ, യുക്രെയ്ൻ, പലസ്തീൻ, ഇസ്രയേൽ, സുഡാൻ, ലിബിയ തുടങ്ങി ലോകത്തെ നിരവധി സ്ഥലങ്ങളിൽ കഷ്ടത അനുഭവിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് തങ്ങളെന്നും പ്രതിഷേധത്തിനു നേതൃത്വം നൽകിയ ഫെമൻ എന്ന ആക്ടിവിസ്റ്റ് സംഘടന തങ്ങളുടെ ഇൻസ്റ്റാപേജിൽ കുറിച്ചു.

‘നമ്മുടെ ശരീരങ്ങൾ മുദ്രാവാക്യങ്ങളും പ്രതിരോധത്തിന്റെ സന്ദേശങ്ങളും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. നമ്മുടെ പ്രതിഷേധത്തിന്റെ പ്രകടനപത്രികയാണിത്. വസ്ത്രം നീക്കം ചെയ്യുന്നതു കേവലം പ്രതീകാത്മകമല്ല. അത് തിരിച്ചെടുക്കാനുള്ള ബോധപൂർവമായ പ്രവൃത്തിയാണ്. ഇത് ഒരു പ്രഖ്യാപനമാണ്. നിശബ്ദരാകാൻ ഞങ്ങൾ വിസമ്മതിക്കുന്ന കാലമത്രയും ഞങ്ങൾ മായ്‌ക്കപ്പെടില്ല. ഞങ്ങളുടെയും സഹോദരിമാരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ഞങ്ങൾ ഒരിക്കലും അവസാനിപ്പിക്കില്ല. ഫെമൻ്റെ ഇൻസ്റ്റഗ്രാം പേജിലെ പ്രതിഷേധ പ്രഖ്യാപനം ഇങ്ങനെ വ്യക്തമാക്കി. പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയം’ എന്നതാണ് ഫെമന്റെ ലക്ഷ്യം.

“നിർഭാഗ്യവശാൽ, അക്രമത്തിൻ്റെ കുറ്റവാളി ആർക്കും ആകാം: നമ്മുടെ സഹോദരൻ, നമ്മുടെ പിതാവ്, നമ്മുടെ സഹപ്രവർത്തകൻ. അത് ഞങ്ങളുടെ ബോസ് പോലും ആകാം, അവർ ഒരു ബലാത്സംഗിയാണെന്ന് ആരുടെയും മുഖത്ത് എഴുതിയിട്ടില്ല, മെയ്ൽ നോയർ പറഞ്ഞു.

പ്രകടനങ്ങൾ പാരീസിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ സർക്കാർ നടപടി ആവശ്യപ്പെട്ട് പങ്കെടുത്തവർ ഫ്രാൻസിലുടനീളമുള്ള നഗരങ്ങളിൽ പ്രതിഷേധം ആരംഭിച്ചു.ലിംഗാധിഷ്ഠിത അക്രമത്തിനെതിരായ പോരാട്ടത്തിന് മുൻഗണന നൽകണമെന്നും സമത്വം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ നടപ്പിലാക്കണമെന്നും പ്രകടനക്കാർ ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.

pathram desk 5:
Related Post
Leave a Comment