30 വർഷം ആടുകൾക്കൊപ്പം, വിശപ്പു സഹിക്കാതെയാകുമ്പോൾ കുടിക്കുന്നത് കാടിവെള്ളം, ആടുകൾക്കൊപ്പം കെട്ടിയിടും; ആറാം വയസിൽ തുടങ്ങിയ അടിമപ്പണിയിൽ നിന്നും രക്ഷപെട്ട് രാജു ഉറ്റവർക്കൊപ്പം, ആടുജീവിതത്തിനു അറുതിവരുത്തിയത് വ്യാപാരിയോടു പറഞ്ഞ കഥ

ഗാസിയാബാദ്: ഒന്നും രണ്ടുമല്ല 30 വർഷം. ഉറ്റവരേയും ഉടയവരേയും വിട്ട് ദിക്കറിയാത്ത ദേശത്ത് ഒരുവൻ കാത്തിരുന്നു തന്റെ കുടുംബത്തേയുമോർത്ത്. അവിടെ അവൻ തനിയെയെത്തപ്പെട്ടതല്ല, സ്‌കൂൾവിട്ട് സഹോദരിക്കൊപ്പം വീട്ടിലെക്ക് വരുന്നതിനിടെ അജ്ഞാതനായ ഒരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത് ബെന്യാമിന്റെ ആടുജീവിതത്തിലെ കഥയല്ല, ഭീം സിങ് എന്ന രാജുവിന്റെ ജീവിതമാണ്.

വർഷങ്ങൾക്കു മുൻപ് മൂന്ന് പെൺകുട്ടികൾക്ക് കൂട്ടായി ഒരു ആൺതരിയെത്തിയപ്പോൾ അന്ന് ഗാസിയാബാദിലെ രാജുവിന്റെ കുടംബം തങ്ങളുടെ പ്രാർഥന സഫലീകരിച്ചതിന് ഹനുമാൻ സ്വാമിക്ക് അർച്ചനകൾ നേർന്നിരുന്നു. ഒപ്പം അവന് ഭീം സിങ് എന്ന പേരും നൽകി. പക്ഷെ അവർക്കിഷ്ടം രാജുവെന്ന ഓമനപ്പേരിട്ട് വിളിക്കാനായിരുന്നു. ആ സന്തോഷം ഒരിക്കലും മായാതാരിക്കാൻ കുഞ്ഞുകൈയിൽ രക്ഷിതാക്കൾ രാജുവെന്നു പച്ചയുംകുത്തി.

എന്നാൽ ആറാംവയസിൽ രാജുവിന്റെ ദുരിതയാത്ര ആരംഭിച്ചു. സ്‌കൂൾവിട്ട് സഹോദരിക്കൊപ്പം വീട്ടിലെക്ക് വരുന്നതിനിടെ അജ്ഞാതനായ ഒരാൾ രാജുവിനെ തട്ടിക്കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട മകനെ തേടി അവർ കയറിയിറങ്ങാത്ത പോലീസ് സ്‌റ്റേഷനുകളില്ല. മുട്ടാത്ത വാതിലുകളില്ല. നിരാശയായിരുന്നു ഫലം.

​ഗാസിയാബാദിൽനിന്ന് തട്ടിക്കൊണ്ടുപോയ ആൾ രാജുവിനെ രാജസ്ഥാനിലെത്തിക്കുകയും അവിടെ നിന്ന് ഉൾനാട്ടിലെ ആട് ഫാം നടത്തിപ്പുകാർക്ക് വിൽക്കുകയുമായിരുന്നു. പിന്നെ മുപ്പത് വർഷത്തോളം ആടുകൾക്കൊപ്പമായി ജീവിതം. ഭക്ഷണം പോലും കിട്ടാതായി. വിശപ്പ് സഹിക്കാതെ കാടിവെള്ളം പോലും കുടിക്കേണ്ടിവന്നു. പകൽമുഴുവൻ ആടുകളെ മേയ്ക്കലും അവയുടെ പരിപാലനുവുമായി ജീവിതം മുന്നോട്ടുപോയി. രാത്രിയിൽ ഇവയുടെ കൂടുകൾക്കരികെ കുടുസുമുറിയിൽ കെട്ടിയിടും. ഒരു റൊട്ടി മാത്രമാണ് വിശപ്പടക്കാൻ കൊടുത്തിരുന്നത്.

പക്ഷെ രാജു ഒരു ദിവസം അപ്രതീക്ഷിതമായി കണ്ട ഒരു വ്യാപാരി അവന് രക്ഷകനാവുകയായിരുന്നു. തന്റെ ജീവിതകഥ അവൻ ആ വ്യാപാരിയോട് പറഞ്ഞു. അവന്റെ ദുരിതകഥ കേട്ട ആ വ്യാപാരി അവനെ കോട്ട പോലീസ് സ്‌റ്റേഷനിലെത്തിച്ചു. തുടർന്ന് പോലീസ് അധികൃതർ രാജുവിനേക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരന്നു. ഇത് ശ്രദ്ധയിൽ പെട്ട രാജുവിന്റെ അമ്മാവനാണ് മുപ്പത് വർഷത്തിന് ശേഷം രാജുവിനെ തിരിച്ചറിഞ്ഞത്.

അങ്ങനെ തന്റെ പൊന്നുമകൻ ജീവനോടെയുണ്ടോ, ഇല്ലയോയെന്നറിയാതെ 30 വർഷം നീറി ജീവിച്ച ആ മാതാപിതാക്കൾക്ക് ഭീം സിങ്ങിനെ തിരിച്ചുകിട്ടിയിരിക്കുകയാണ്. അപ്രതീക്ഷിതമായി മകന്റെ വിവരങ്ങൾ പോലീസുകാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് രാജിവിലേക്കുള്ള വഴിതെളിഞ്ഞത്. കൈയ്യിൽ രാജുവെന്ന് പച്ചകുത്തിയത് നിർണായകമായി. ഇതോടെ സിനിമാക്കഥയെ വെല്ലുന്ന ഒരു അതിജീവന കഥയ്ക്കാണ് ഗാസിയാബാദും ആ കുടംബവും സാക്ഷിയായത്.

ജോലിയുടെ ഭാഗമായി ഷഹീദാബാദിലായിരുന്നു തട്ടിക്കൊണ്ടുപോകപ്പെടുന്ന കാലത്ത് രാജുവിന്റെ കുടുംബം താമസിച്ചത്. ‌ഷഹീദാബാദിലെ ജോലി വിട്ട ശേഷം ഗാസിയാബാദിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ല് തുടങ്ങി. ഇതിനിടെയാണ് കോട്ട പോലീസ് സ്‌റ്റേഷനിൽനിന്ന് രാജുവിന്റെ വിവരങ്ങൾ പറഞ്ഞ് അപ്രതീക്ഷിതമായി വിളിയെത്തിയത്. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും ഇടതുകൈയിൽ രാജുവെന്ന് പച്ച കുത്തിയതും വലത്തേ കാലിലെ പ്രത്യേക അടയാളവും കണ്ട് ആളെ തിരിച്ചറിയുകയായിരുന്നുവെന്ന് പിതാവ് തുലറാം. പിന്നീട് വൈകാരിക നിമിഷങ്ങൾക്കാണ് ആ പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്.

pathram desk 5:
Leave a Comment