കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തു, നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നാണ് ഹർജിയിൽ കുടുംബം ഉന്നയിക്കുന്നത്. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും ഹർജിയിൽ കുടുംബം വ്യക്തമാക്കി. തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നേരത്തെ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കുടുംബം കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയെ അറിയിച്ചിരുന്നു. പ്രധാനമായും കണ്ണൂർ കലക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടത്.
പ്രധാന സാക്ഷി ജില്ലാ കലക്ടർ, പ്രതി പി.പി.ദിവ്യ എന്നിവരുടെ കോൾ രേഖകളും സൂക്ഷിക്കണമെന്നും കുടുംബം കണ്ണൂർ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം നീണ്ടു പോകുന്ന ഘട്ടത്തിലാണ് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ കുടുംബം ഹർജിയുമായി രംഗത്തെത്തിയത്. പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ തൃപ്തിയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Leave a Comment