തൃശൂർ: മദ്യലഹരിയിൽ ഓടിച്ച ലോറി തടി ലോറി നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. മരിച്ചവരിൽ 2 കുട്ടികളുമുണ്ട്. പരുക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്. നാട്ടിക ജെ.കെ. തിയറ്ററിനടുത്തു പുലർച്ചെ നാലിനായിരുന്നു അപകടം. മരിച്ചവരിൽ കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4) എന്നിവരെ തിരിച്ചറിഞ്ഞു. കണ്ണൂരിൽനിന്നു വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണം. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ നാലേകാലോടെ വലിയ നിലവിളി കേട്ടാണ് നാട്ടുകാർ നിർമാണം നടക്കുന്ന ഹൈവേയിലേക്ക് ഓടിയെത്തിയത്. വാഹനം വരില്ലെന്ന് ഉറപ്പായിരുന്ന സ്ഥലത്ത് നാടോടി സംഘാംഗങ്ങൾ മരിച്ചു കിടക്കുന്നത് കണ്ട പ്രദേശവാസികൾ ആദ്യം ഞെട്ടി. മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വെളിച്ചക്കുറവ് മൂലം എത്ര പേർ മരിച്ചുവെന്ന് പോലും വ്യക്തമായില്ല. ഉടൻ തന്നെ വലപ്പാട് പൊലീസിനെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾ റോഡിൽനിന്ന് വലിച്ചെടുക്കേണ്ട നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പരുക്കേറ്റ് കിടന്നിരുന്ന ആറു പേരുടെ നിലയും അതീവ ഗുരുതരമായിരുന്നു. പലർക്കും അംഗഭംഗം സംഭവിച്ച നിലയിലായിരുന്നു. തൃപ്രയാർ ഏകാദശി നടക്കുന്നതിനാൽ സമീപത്തെ ഗ്രൗണ്ടിൽ പാർക്കിങ് അനുവദിച്ചിരുന്നു. ഇതോടെയാണ് സംഘം ഹൈവേയിലേക്ക് താമസം മാറിയത്. റോഡിലേക്ക് വാഹനം കയറാതിരിക്കാൻ കൃത്യമായ ദിശാ സൂചനകളും അധികൃതർ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ തെങ്ങിൻ തടികൾ വച്ചും കോൺക്രീറ്റ് ബാരിക്കേഡ് വച്ചും ഇവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നാണ് ലോറി നാടോടി സംഘത്തിന് ഇടയിലേക്ക് പാഞ്ഞു കയറിയത്.
റോഡിൽ ചോറ്റുപാത്രവും ബാഗും ബക്കറ്റുമെല്ലാം ചിതിറത്തെറിച്ച നിലയിലാണ്. രാവിലെയായിട്ടും മൃതദേഹങ്ങൾ പൂർണമായും നീക്കാൻ സാധിച്ചിട്ടില്ല. പലതും തുണിയിട്ട് മൂടിയ നിലയിലാണ്. ഇത്രയും വലിയ അപകടം നാട്ടികക്കാർ അടുത്തിടെയൊന്നും കണ്ടിട്ടില്ല. അത്രയ്ക്കും ഭീതികരമായിരുന്നു അവിടത്തെ കാഴ്ചകൾ. അതേസമയം മരിച്ച നാടോടി സംഘത്തിൽപ്പെട്ടവർ പാലക്കാട് സ്വദേശികളാണെന്നാണ് വിവരം. പാലക്കാട് ഗോവിന്ദാപുരത്തിന് സമീപം ചെമ്മന്തോട് കോളനി നിവാസികളാണ് ഇവരെന്നും കാലങ്ങളായി തൃപ്രയാർ നാട്ടിക ഭാഗങ്ങളിലാണ് ഇവർ താമസിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
2025 നേട്ടങ്ങളുടെ വർഷം…!!! പുതിയ പ്രതീക്ഷകൾ.., 27 നക്ഷത്രങ്ങളുടെയും ഗുണദോഷങ്ങൾ അറിയാം…
Leave a Comment