തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ജീവനക്കാരിയെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവരുടെ കാലിൽ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം. ക്ലോസറ്റിന്റെ പകുതി ഭാഗംവെച്ച് തകർന്നുവീണതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം, ക്ലോസറ്റ് അധികം പഴക്കം ചെന്നതല്ല എന്നാണ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നത്.
ഈ ബിൽഡിങ്ങിലെ ശുചിമുറികൾ പലതും ശോച്യാവസ്ഥയിലാണെന്ന് ജീവനക്കാർ പറയുന്നു. വാതിലുകൾക്ക് കുറ്റിപോലും ഇല്ലെന്നും അകത്തുകയറി കയറുകൊണ്ട് കെട്ടിവച്ചിട്ട് ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്നും ജീവനക്കാർ പറയുന്നു.
വലിയ മുറിവ് കാലിന് പറ്റിയതായാണ് മനസ്സിലാക്കുന്നതെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു. യാതൊരുവിധത്തിലുള്ള സുരക്ഷാപരിശോധനയും നടത്താതെ ജീവനക്കാരുടെ അവസ്ഥ ഈ വിധത്തിലാക്കുന്ന സ്ഥിതിയാണ് സെക്രട്ടേറിയറ്റിൽ. ഒരു പരിശോധനയും നടക്കുന്നില്ല. ശ്രദ്ധിക്കാതെ വന്നതിനാലുള്ള അപകടമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment