പാലക്കാട്: ഉപതെരഞ്ഞെടുപ്പിൻറെ പോളിംഗ് ആരംഭിച്ചു. ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. അന്തിമ വോട്ടർ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടർമാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2306 പേർ 85 വയസിനു മുകളിൽ പ്രായമുള്ളവരും 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 2445 കന്നിവോട്ടർമാരും 229 പ്രവാസി വോട്ടർമാരുമുണ്ട്.
അതേസമയം തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. സരിൻ. പാലക്കാടിൻറേത് ശരിയുടെയും സത്യത്തിൻറെയും തീരുമാനമായിരിക്കുമെന്നും സരിൻ പ്രതികരിച്ചു. പാലക്കാടിൻറെ ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടൊക്കെ ഉയർത്തിപിടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞു ചെയ്യുന്ന വോട്ടായി ഇത്തവണതേത് മാറും. ഇടത് പക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യും. പാലക്കാട്ടെ ജനങ്ങളുടെ മനസ് തന്നോടൊപ്പം ഉണ്ടാകുമെന്നും പി. സരിൻ പറഞ്ഞു.
എന്നാൽ വിവി പാറ്റ് യന്ത്രത്തിൽ സാങ്കേതിക തകരാറുണ്ടായതോടെ പാലക്കാട്ട് ഒരു ബൂത്തിൽ പോളിംഗ് വൈകിയാണാരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ വോട്ട് ചെയ്യാനെത്തിയ 88ാം നമ്പർ ബൂത്തിലാണ് പ്രശ്നമുണ്ടായത്. ഇതേത്തുടർന്ന് സരിൻ വോട്ട് ചെയ്യാതെ മടങ്ങിപ്പോയി.
പിന്നീട്, വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. മറ്റ് 183 ബൂത്തുകളിലും രാവിലെ ഏഴിനു തന്നെ പോളിംഗ് ആരംഭിച്ചിരുന്നു.
Leave a Comment