പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികൾക്കായി നാടകീയമായ ചേസിങ്; തൊഴിലാളികളെ വിട്ടുതരാതെ സമുദ്രാതിർത്തി കടക്കാനാവില്ലെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഒടുവിൽ തോൽവി സമ്മതിച്ച് പാകിസ്താന്റെ മടക്കം

ന്യൂഡൽഹി: യാഥൊരു പ്രകോപനവും കൂടാതെ പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരിടൈം ഏജൻസി പിടികൂടിയ ഏഴ്ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് സാഹസികമായി മോചിപ്പിച്ച് ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടക്കിയെത്തിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇന്ത്യ- പാകിസ്താൻ സമുദ്ര അതിർത്തിയിൽ നോ ഫിഷിങ് സോണിൽ വച്ച് ഇന്ത്യൻ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാർഡിന് ലഭിക്കുകയായിരുന്നു. മറ്റൊരു കപ്പലിനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തു എന്നും അതിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തുവന്നുമായിരുന്നു സന്ദേശം.

സന്ദേശം ലഭിച്ചയുടനെ മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാകിസ്താൻ മാരിടൈം ഏജൻസിയുടെ പിഎംഎസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി കോസ്റ്റ്ഗാർഡ് കപ്പൽ അയക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന നാടകീയമായ ചേസിങ്ങിനൊടുവിൽ ഈ ഏഴ് മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് മോചിപ്പിച്ചു. കോസ്റ്റ് ഗാർഡ് വാർത്താ കുറിപ്പ് പുറത്തിറക്കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താൻ മാരിടൈം ഏജൻസി മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നതെന്നാണറിയുന്നത്.

തിങ്കളാഴ്ച ഏഴ് പേരെയും കൊണ്ട് കോസ്റ്റ് ഗാർഡ് കപ്പൽ ഗുജറാത്തിലെ തീരത്ത് മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികൾ പൂർണ ആരോഗ്യവാൻമാരാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. എന്നാൽ ഇവരുടെ മത്സ്യബന്ധന ബോട്ട് കാൽ ഭൈരവ് സംഭവത്തിനിടെ കേടുപാടുകൾ സംഭവിക്കുകയും പിന്നീട് കടലിൽ മുങ്ങിപ്പോയതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഗുജറാത്ത് പോലീസും കോസ്റ്റ്ഗാർഡും ഫിഷറീസ് വകുപ്പും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

pathram desk 5:
Related Post
Leave a Comment