ചെന്നൈ: തിരുനെൽവേലി-ചെന്നൈ എഗ്മോർ വന്ദേഭാരത് എക്‌സ്പ്രസിൽ വിതരണം ഭക്ഷണത്തിൽ കീടങ്ങളെ കണ്ട സംഭവത്തിൽ ഭക്ഷണം വിതരണംചെയ്ത സ്ഥാപനത്തിന് 50,000 രൂപ പിഴചുമത്തി റെയിൽവേ.
ശനിയാഴ്ച രാവിലെ വണ്ടി മധുര വിട്ടയുടൻ ഒരു യാത്രക്കാരനു നൽകിയ പ്രഭാത ഭക്ഷണത്തിനൊപ്പമുള്ള സാമ്പാറിലാണ് ചെറുകീടങ്ങളെ കണ്ടത്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അത് കീടമല്ല, ജീരകമാണ് എന്ന മറുപടിയാണ് റെയിൽവേ ആദ്യം നൽകിയത്.
എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് റെയിൽവേയുടെ ചീഫ് കാറ്ററിങ് ഇൻസ്‌പെക്ടറും ചീഫ് കൊമേഴ്സ്യൽ ഇൻസ്‌പെക്ടറും നടത്തിയ പരിശോധനയിലാണ് കീടങ്ങളാണെന്ന് വ്യക്തമായത്. തുടർന്ന് ദക്ഷിണറെയിൽവേ ക്ഷമാപണം നടത്തി.
വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്തിരിക്കുന്ന ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സിന്റെ തിരുനെൽവേലിയിലെ അടുക്കളയിൽനിന്ന് എത്തിച്ചതാണ് ഭക്ഷണമെന്ന് പരിശോധനയിൽ കണ്ടെത്തി. സാമ്പാർനിറച്ച പാത്രത്തിന്റെ മൂടിയിലാണ് കീടങ്ങളുണ്ടായിരുന്നതെന്നും പാചകം ചെയ്തതിനുശേഷമാണ് അവ അകത്തു കടന്നതെന്നും റെയിൽവേ വിശദീകരിച്ചു.
ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സിന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ നടപടികൾ പിന്നീടുണ്ടാവുമെന്നും റെയിൽവേ അറിയിച്ചു. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാൻ കർശന നടപടികളെടുക്കുമെന്നും റെയിൽവേ ഉറപ്പ് നൽകി.
Leave a Comment