തട്ടകം മാറ്റി, ഇനി ‘കൈ’ പിടിച്ച് മുന്നോട്ട്; സന്ദീപ് വാരിയർ കോൺ​ഗ്രസിൽ

പാലക്കാട്: ബിജെപിയുടെ യുവനേതാവായിരുന്ന സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതൃത്വത്തോട് ഏറെ നാളായി ഇടഞ്ഞു നിൽകുകയായിരുന്നു സന്ദീപ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.

കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപിനെ വേദിയിലേക്കെത്തിക്കുകയായിരുന്നു. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടം നൽകി.

ഇതിനിടെ സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് ചർച്ച നടത്തിയെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കോൺഗ്രസ് ക്യാംപിലേക്കു ചേക്കേറുകയായിരുന്നു. ബിജെപിയുമായി മാനസികമായി അകന്ന സന്ദീപ് തിരിച്ചുവരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു സംസ്ഥാന നേതൃത്വം.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ട് സന്ദീപ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

പിന്നീട് ആർഎസ്എസ് നേതാവ് ജയകുമാറിന്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്നങ്ങൾ പിന്നീടു ചർച്ച ചെയ്യാമെന്നും പാർട്ടിയിൽ സജീവമാകാനും സന്ദീപിനോടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനൊന്നും നിൽക്കാതെ പാർട്ടിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സന്ദീപ്. അതോടെ സന്ദീപ് അച്ചടക്കലംഘനത്തിന്റെ പരിധി വിട്ടെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ.

pathram desk 5:
Related Post
Leave a Comment