ജൊഹാനസ്ബർഗ്: സഞ്ജു സാംസണും തിലക് വർമയും ആടിത്തിമിർത്ത മത്സരത്തിനു മുന്നിൽ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക. ഇരുവരുടെയും വ്യക്തിഗത സെഞ്ചുറി പ്രഭയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 283 റൺസിനു മുന്നിൽ ഒന്നും ചെയ്യാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ കഴിഞ്ഞത്. ജയത്തോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. തിലക് വർമയാണ് കളിയിലേയും പരമ്പരയിലേയും താരം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി സഞ്ജുവിന്റെ തുടക്കം ശാന്തമായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് കളം നിറഞ്ഞുള്ള കളിയാട്ടമായിരുന്നു. 28 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച താരം 51 പന്തുകളിൽ സെഞ്ചുറിയും തികച്ചു. ഒൻപത് സിക്‌സും ആറ് ഫോറും ചേർന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. കൂട്ടിന് തിലക് വർമയും കൂടിയെത്തിയതോടെ കളി ടോപ് ഗിയറിലെത്തി. പത്ത് സിക്‌സും ഒൻപത് ഫോറും ചേർത്ത് 120 നേടിയ തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 18 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും ചേർത്ത് 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ടി 20 സ്‌കോറാണിത്. ഒന്നാമത്തേതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു.
മറുപടി ബാറ്റിങ്ങിനെത്തിയ ക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു ദ. ഹെൻഡ്രിക്സ് (രണ്ടു പന്തിൽ 0), റിക്കിൾടൻ (ആറു പന്തിൽ ഒന്ന്) ക്യാപ്റ്റൻ എയ്ഡൻ മർക്രം (എട്ടു പന്തിൽ എട്ട്) എന്നിവർ ആദ്യ മൂന്ന് ഓവറിൽ തന്നെ പുറത്തായി. ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും പൊരുതി നിന്നതോടെ ദക്ഷിണാഫ്രിക്ക വലിയ നാണക്കേടിൽ നിന്നും കരകയറി. എന്നാൽ, കൂട്ടുക്കെട്ടിൽ അർധസെഞ്ചുറി നേടിയെങ്കിലും തൊട്ടടുത്ത പന്തുകളിൽ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പരുങ്ങലിലായി.
Leave a Comment