ഒടുവിൽ തീരുമാനമായി; കെ. ഗോപാലകൃഷ്‌ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ

തിരുവനന്തപുരം: വാട്സ്ആപ്പ്- ഫേസ്ബുക്ക് വിഷയങ്ങളിൽ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ. ഐഎഎസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് ഗോപാലകൃഷ്‌ണനെതിരെ നടപടി. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.

എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച സംഭവത്തിൽ പ്രശാന്തിനെതിരേ നടപടിക്ക് ശുപാർശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാർശ ചെയ്തും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ ഗോപാലകൃഷ്‌ണന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ അധിക്ഷേപം തുടർന്ന പ്രശാന്തിന്റെ നടപടികൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോർട്ട് നൽകിയത്. പ്രശാന്തിനെതിരായ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടർന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ‘അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി’യെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകൾ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ ‘മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’നയാണ് ജയതിലക് എന്ന് കമന്റ് ബോക്‌സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തു. പിന്നീട് ലൂസിഫറിലെ ഡയലോ​ഗുമായി പരിഹാസ പോസ്റ്റുമായും പ്രശാന്ത് രം​ഗത്തെത്തിയിരുന്നു.

മുതിർന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതിൽനിന്ന് പിന്മാറാൻ സഹപ്രവർത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവർത്തിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിനെ പരസ്യമായി വിമർശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമർശിക്കാൻ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിച്ചത്.

ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിച്ചേർന്ന് പ്രശാന്ത്ഉ ണ്ടാക്കിയതാണെന്നാരോപിച്ച് മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവവസം രംഗത്തുവന്നിരുന്നു. എന്നാൽ, മേഴ്സിക്കുട്ടിയമ്മ ആരാണെന്നു ചോദിച്ച് അവഹേളിക്കുകയായിരുന്നു അവരുടെ വകുപ്പിലുണ്ടായിരുന്ന പ്രശാന്ത് ചെയ്തത്.

മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത് കെ.​ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ​വിവാദമായ ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണന്റെ ഫോണിൽ പ്ലേ സ്റ്റോറിൽനിന്നല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിൾ പോലീസിനെ അറിയിച്ചിരുന്നു. ഫോൺ മറ്റിടങ്ങളിൽനിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും മറുപടി നൽകിയിട്ടുണ്ട്. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു.

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ ആരംഭിച്ചതിനു പിന്നാലെയായിരുന്നു മല്ലു മുസ്‌ലിം ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പ് തുടങ്ങിയത്. ആദ്യഗ്രൂപ്പിൽ അംഗങ്ങളായവരിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐഎഎസ് ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചത്. തുടർന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

ഇതിനുപിന്നാലെ ‘മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്’ എന്ന ഗ്രൂപ്പ് തുടങ്ങി. ആദ്യ വാദം സാധൂകരിക്കാനായാണ് രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യഗ്രൂപ്പ് തുടങ്ങിയതിനു പിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവംനടന്ന് രണ്ടുദിവസത്തിനുശേഷം മാത്രമാണ് തന്റെ ഫോൺ ഹാക്ക് ചെയ്തെന്നുകാട്ടി കെ. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്. ഇത് നിലനിൽപിനു വേണ്ടിയുള്ള പരാതിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഗോപാലകൃഷ്ണനെതിരെ നടപടിയുണ്ടായത്.

pathram desk 5:
Related Post
Leave a Comment