വേണേൽ കണ്ടാസ്വദിച്ചോ, ചേട്ടൻ ഇവൻമാരെ ഇപ്പൊ ശരിയാക്കിത്തരാം, പിന്നെ നടന്നത്… 0 0 0 1B 0 0 0 0 2 4

കെബർഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ, ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്ക്ക് സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൂരം. അവസാന രണ്ടോവറുകളിൽ ബാറ്റു ചെയ്യുന്നതിനിടെ, സഹതാരം അർഷ്ദീപ് സിങ്ങിനോട് പാണ്ഡ്യ പറഞ്ഞൊരു വാചകമാണ് താരത്തെ ട്രോളുകളിലെ താരമാക്കിയത്.

മത്സരത്തിൽ പാണ്ഡ്യ – അർഷ്ദീപ് സഖ്യമായിരുന്നു ക്രീസിൽ. ഇതിനിടെ സ്ട്രൈക്ക് ലഭിച്ച പാണ്ഡ്യ, ‘ഇനി അപ്പുറത്തുനിന്ന് കളി ആസ്വദിച്ചോ’യെന്ന് അർഷ്ദീപിനോട് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം വൈറലായത്. പിന്നീട് ലഭിച്ച 10 പന്തിൽ ഏഴു പന്തിലും ഒന്നും ചെയ്യാനാകാതെ പോയതോടെയാണ് പാണ്ഡ്യ പരിഹാസ്യനായതും ട്രോളുകളിൽ നിറഞ്ഞതും. ലാസ്റ്റ് 10 ബോളുകളിൽ 0 0 0 1B 0 0 0 0 2 4 എന്നിങ്ങനെയായിരുന്നു പാണ്ഡ്യയുടെ സംഭാവന.

16–ാം ഓവറിലെ രണ്ടാം പന്തിൽ റിങ്കു സിങ് പുറത്തായതോടെയാണ് ഹാർദിക് പാണ്ഡ്യ– അർഷ്ദീപ് സഖ്യം ക്രീസിൽ ഒരുമിച്ചത്. തുടർന്ന് കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റാനുളള ശ്രമത്തിലായിരുന്നു ഇരുവരും. 17 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ഇതിനു പിന്നാലെ മാർക്കോ യാൻസൻ എറിഞ്ഞ 18–ാം ഓവറിൽ ഒരു സിക്സും രണ്ടു ഫോറും സഹിതം പാണ്ഡ്യ 14 റൺസ് അടിച്ചെടുത്തു. ജെറാൾഡ് കോട്സെ എറിഞ്ഞ 19–ാം ഓവർ ആരംഭിക്കുമ്പോൾ അർഷ്ദീപ് സിങ്ങായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ താരത്തിനു റണ്ണെടുക്കാനാകാതെ പോയതോടെ മറുവശത്ത് പാണ്ഡ്യ അക്ഷമനായി. അടുത്ത പന്തിൽ സിംഗിൾ എടുത്തതോടെ പാണ്ഡ്യയായി ക്രീസിൽ.

ഇതിനു പിന്നാലെയാണ്, ‘ഇനി അപ്പുറത്തുനിന്ന് ആസ്വദിക്കൂ’ എന്ന് പാണ്ഡ്യ അർഷ്ദീപിനോടു പറഞ്ഞത്. മാസ് ഡയലോഗുമായി ക്രീസിലെത്തിയ പാണ്ഡ്യയ്ക്ക് പക്ഷേ, തുടർന്നു ലഭിച്ച 10 പന്തിൽ കാര്യമായൊന്നും ചെയ്യാനാകാതെ പോയതോടെ, മാസ് ഡയലോഗ് ട്രോളിലേക്കു വഴിമാറി. കോട്സെയുടെ 19–ാം ഓവറിലെ ശേഷിച്ച നാലു പന്തിൽ ഒരു വൈഡും ഒരു ബൈയും സഹിതം ഇന്ത്യയ്ക്ക് ലഭിച്ചത് 2 റൺസ് മാത്രം.

മാർക്കോ യാൻസൻ എറിഞ്ഞ 20–ാം ഓവറിലും പാണ്ഡ്യയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടു തവണ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ ഈ ഓവറിൽ കൈവിട്ടു സഹായിച്ചിട്ടും അവസാന പന്തിലെ ഫോർ ഉൾപ്പെടെ പാണ്ഡ്യയ്‌ക്ക് നേടാനായത് ആറു റൺസ് മാത്രം. മാസ് ഡയലോഗിനു പിന്നാലെ നേരിട്ട 10 പന്തുകളിൽ ഏഴു പന്തും പാഴാക്കിയ പാണ്ഡ്യ, ആകെ നേടിയത് ആറു റൺസ്! ഇതോടെയാണ് താരത്തിനെതിരെ വ്യാപക ട്രോളുകൾ നിറഞ്ഞത്.

45 പന്തിൽനിന്ന് 39 റൺസുമായി പുറത്താകാതെ നിന്ന പാണ്ഡ്യ തന്നെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. നാലു ഫോറും ഒരു സിക്സും സഹിതമാണ് പാണ്ഡ്യ 39 റൺസെടുത്തത്. അർഷ്ദീപ് ആറു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസോടെയും പുറത്താകാതെ നിന്നു.


pathram desk 5:
Leave a Comment