മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല, നടി ഡബ്ല്യുസിസി അംഗമായിട്ടും പരാതി നൽകിയില്ല, മാധ്യമ വിചാരണയ്ക്ക് പോലീസ് അവസരമൊരുക്കുന്നു, റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് യാഥാർഥ്യങ്ങൾ വളച്ചൊടിച്ച്

ന്യൂഡൽഹി: ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ പരാമർശം.

നടി ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഇതുവരെ ഉന്നയിച്ചിട്ടില്ല. മാത്രമല്ല, തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പോലീസ് അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. വളരെ കുറച്ച് സിനിമകളിൽ മാത്രമേ പ്രധാന കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളു. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദിഖ് പറയുന്നു.

കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെ കുറിച്ചുള്ള വിശദീകരണം നിലനിൽക്കില്ല. യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നു. തനിക്കെതിരെ ഇല്ലാ കഥകളാണ് പോലീസ് മെനയുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് എതിർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

pathram desk 5:
Leave a Comment