ഗ്യാസ് ചേംബറിലേക്ക് പ്രവേശിച്ച പോലെ; വയനാട്ടിലെ കാലാവസ്ഥയെ ഡൽഹിയുമായി തുലനംചെയ്ത് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കുറച്ചു ദിവസം ശുദ്ധവായു ശ്വസിച്ച് ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സിൽ ഇങ്ങനെ കുറിച്ചു. ‘വായു മനോഹരവും എ.ക്യു.ഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തിൽ നിന്ന് നോക്കുമ്പോൾ പുകമഞ്ഞിൻ്റെ പുതപ്പ് കൂടുതൽ ഞെട്ടിക്കും.

ഡൽഹിയിലെ മലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. ശുദ്ധമായ വായുവിനായി കൂടിയാലോചനകൾ ഉണ്ടാവണം. അതിന് ഈ പാർട്ടി അല്ലെങ്കിൽ മറ്റു പാർട്ടി എന്നതിനപ്പുറം നമ്മൾ എന്തെങ്കിലും ചെയ്യണം, കാരണം കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഈ പുക ശ്വസിക്കുന്നത് പ്രായോഗികമായി അസാധ്യമാണ്’.

വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 ആണ് നടപ്പിലാക്കുക. ഡൽഹിയിൽ മുഴുവൻ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിട നിർമാണം ഉൾപ്പെടെ നിർത്തിവെക്കും. അന്തർ സംസ്ഥാന ബസുകളും ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് തടയും. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ‌‌

അതുപോലെ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ നിർമാണ പ്രവർത്തനങ്ങളും കെട്ടിടങ്ങൾ പൊളിക്കലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. ഇതിന് പുറമെ ബിഎസ്-3 മലിനീകരണ മാനദണ്ഡം മാത്രം പാലിക്കുന്ന പെട്രോൾ വാഹനങ്ങളും ബി.എസ്-4 മാനദണ്ഡം മാത്രം പാലിക്കുന്ന ഡീസൽ വാഹനങ്ങളും നിരത്തിലിറക്കാൻ അനുവാദമുണ്ടാകില്ല. ഡൽഹി തലസ്ഥാനമേഖലയ്ക്ക് പുറമെ ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, ഗൗതംബുദ്ധ് നഗർ തുടങ്ങിയ സ്ഥലങ്ങൾക്കും ഇതേ വാഹനനിയന്ത്രണം ബാധകമാണ്.

റോഡ് നിർമാണം, കെട്ടിട നിർമാണം, നടപ്പാത നിർമാണം, നിലം കുഴിക്കൽ, അഴുക്കുചാൽ നിർമാണം, നിർമാണ സാധനങ്ങളുടെ കയറ്റിറക്കൽ, റോഡ് നിർമാണത്തിനുപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു. വൈദ്യുതിയിലും സിഎൻജിയിലും പ്രവർത്തിക്കുന്ന വാഹനങ്ങൾ, ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങൾ എന്നിവ ഒഴികെ മറ്റെല്ലാ വാഹനങ്ങളും ഡൽഹിയിൽ ഓടുന്നതിന് നിരോധനമുണ്ട്. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനം ഓൺലൈനായി നടത്തുന്ന കാര്യം പരിഗണിക്കാനും നിർദ്ദേശം നൽകി.

pathram desk 5:
Leave a Comment