വയനാട്/തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലും അവസാന ഘട്ടം ആവേശത്തിലാക്കാൻ നേതാക്കൾ ഇന്ന് കളത്തിലിറങ്ങുന്നു. പരസ്യ പ്രചാരണത്തിൻറെ അവസാന മണിക്കൂറുകളിലും എല്ലാ മുന്നണികളും പ്രതീക്ഷയിലും അവേശത്തിലുമാണ്. വയനാട്ടിലെ കൊട്ടിക്കലാശ ആവേശങ്ങൾക്ക് ഹരം പകരാൻ ഇന്ന് രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകുന്നേരം തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്ക്കെത്തും.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ അവസാനഘട്ട പ്രചരണങ്ങൾ കൽപ്പറ്റയിലാണ്. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുൽത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം.
അതോടൊപ്പം ഒരുമാസം നീണ്ട ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇന്ന് സമാപനമാകും. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ,വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണിയുടെ പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാംപ് ഈ ഒരുമാലം മുന്നോട്ട് നീങ്ങിയത്.
ചേലക്കരയിൽ ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചുനിന്നു. വൈകുന്നേരം ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആർ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.
Leave a Comment