തിരുവനന്തപുരം: കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവുമായി എൻ പ്രാശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കർഷകനാണ്… കള പറിക്കാൻ ഇറങ്ങിയതാ…’ എന്ന ലൂസിഫർ സിനിമയിലെ ഡയലോഗ് അടങ്ങുന്ന പോസ്റ്ററാണ് സമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. മേലുദ്യോഗസ്ഥനെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച വിഷയത്തിൽ നടപടിയുണ്ടാവുമെന്ന സൂചനകൾക്കിടെയാണ് പുതിയ പോസ്റ്റ്.
നിലവിൽ എൻ. പ്രശാന്ത് ഫേസ്ബുക്കിലൂടെ നടത്തുന്ന വാക്‌പോരിന്റെ തുടർച്ചയാണ് പോസ്‌റ്റെന്നാണ് കമന്റുകളിലൂടെ പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ മുൻപ് നടത്തിയതുപോലെ നേരിട്ടുള്ള വാക് പോരുകൾക്ക് നിൽക്കാതെ ദ്വയാർഥത്തിലാണ് പോസ്റ്റിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തൽ ഇനിയും തുടരുമെന്നായിരുന്നു പ്രശാന്തിന്റെ നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ ഇതിൽ നിന്ന് വ്യതിചലിച്ച് ഇൻഡയറക്റ്റ് ആയി കാര്യം പറയുകയാണ് പുതിയ പോസ്റ്റിലൂടെ.
അതേസമയം പ്രശാന്തിനെതിരായി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഈ റിപ്പോർട്ട് കണ്ട ശേഷം പ്രശാന്തിനും മതാടിസ്ഥാന വാട്സ്ആപ് ഗ്രൂപ് വിവാദത്തിൽപ്പെട്ട കെ. ഗോപാലകൃഷ്ണനുമെതിരായ നടപടി സ്വീകരിക്കുമെന്നാണ് വിവരം. ചട്ടവിരുദ്ധമായ പരസ്യവിമർശനം നടത്തിയതിനാൽ ഇനി വിശദീകരണം ചോദിക്കേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടർന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോർട്ട് നൽകിയത്.
പട്ടികവിഭാഗക്കാരുടെ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ രൂപീകരിച്ച ശാക്തീകരണ സൊസൈറ്റിയായ ‘ഉന്നതി’യിലെ ചില ഫയലുകളും രേഖകളും കാണാനില്ല, ജോലി ചെയ്യാതെ വ്യാജ ഹാജർ രേഖപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും ഇതു സംബന്ധിച്ച തെളിവുകളും കുറിപ്പുകളും അടങ്ങിയതാണ് ഫയൽ. സമൂഹമാധ്യമത്തിലൂടെ അഡീഷനൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചത് സർവീസ് ചട്ടലംഘനമാണെന്നും നടപടി കാര്യം മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നും ചീഫ് സെക്രട്ടറിയുടെ ഫയലിൽ പറയുന്നു.
Leave a Comment