പാകിസ്ഥാനിലേക്കാണേൽ ഇല്ലേ ഇല്ല…ദുബായിയാണേൽ ഓക്കെ… ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ തീരുമാനമറിയിച്ച് ബിസിസിഐ

മുംബൈ: അടുത്ത വർഷം നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പോകില്ലെന്ന് ബിസിസിഐ. താരങ്ങളുടെ സുരക്ഷ മുൻ നിർത്തിയാണ്ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്കില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം ബിസിസിഐ ഐസിസിയെ രേഖാമൂലം അറിയിച്ചു. സർക്കാരുമായി നടത്തിയ കൂടിയാലോചനകൾക്കു ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. പാകിസ്ഥാന് പകരം ചാംപ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ദുബായിൽ ആണെങ്കിൽ കളിക്കാമെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചിട്ടുണ്ട്. ഇത്തവണ ഏകദിന ഫോർമാറ്റിലാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് അരങ്ങേറുന്നത്.

അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9വരെയാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുക. ചാംപ്യൻസ് ട്രോഫിയിൽ റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. കഴിഞ്ഞ മാസം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ധറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് ബന്ധങ്ങൾ സാധാരണഗതിയിലാക്കുന്ന രീതിയിലുള്ള ചർച്ചകളും ഇരുവരും നടത്തി. സാധാരണഗതിയിലാകുമെന്ന പ്രതീക്ഷ കൂടിയാണ് ബിസിസിഐ തീരുമാനത്തോടെ അസ്ഥാനത്തായത്.

ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം ലാഹോറിൽ നടത്താമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ഇപ്പോഴത്തെ ഫിക്‌സ്ച്ചർ പ്രകാരം 20 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ഏഴ് മത്സരങ്ങൾ ലാഹോറിൽ കളിക്കും. അഞ്ചെണ്ണം റാവൽപിണ്ടിയിലും രണ്ട് മത്സരങ്ങൾക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക. ഇന്ത്യൻ ടീം ചാംപ്യൻസ് ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുൻ പാകിസ്ഥാൻ താരം റഷീദ് ലത്തീഫ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം പാകിസ്ഥാൻ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാൻ തയാറാവാത്തതിനെത്തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.

pathram desk 5:
Related Post
Leave a Comment