മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം; 36 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ഞായറാഴ്ച മാത്രം 34 ഡ്രോൺ ആക്രമണങ്ങൾ

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള യുക്രൈന്റെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച മാത്രം 34 ഡ്രോണുകളാണ് മോസ്കോയെ ലക്ഷ്യമിട്ട് യുക്രൈൻ വിക്ഷേപിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ഇതോടെ മോസ്കോ നഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 2022-ൽ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ തലസ്ഥാനത്ത് യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

യുക്രൈന്റെ ഡ്രോണ്‍ പതിച്ച് രണ്ട് വീടുകള്‍ കത്തിനശിച്ചതായാണ് റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ 52 വയസുള്ള വനിതയ്ക്കാണ് പരുക്കേറ്റത്. മോസ്‌കോയില്‍ പതിച്ചത് 34 ഡ്രോണുകളാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ 32 എണ്ണം വെടിവെച്ചിട്ടതായി റഷ്യ. ആക്രമണത്തിന് പിന്നാലെയാണ് മോസ്‌കോയിലെ വിമാനത്താവളങ്ങള്‍ക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മൂന്ന് വിമാനത്താവളങ്ങളിലെ 36 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും പിന്നീട് പ്രവർത്തനം പുനരാരംഭിച്ചതായും റഷ്യയുടെ ഫെഡറൽ എയർ ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചു.

റഷ്യൻ പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള യുക്രൈന്റെ ശ്രമം പരാജയപ്പെടുത്തിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പടിഞ്ഞാറൻ റഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ 36 ഡ്രോണുകൾ നശിപ്പിച്ചതായാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. റഷ്യ ഒറ്റരാത്രികൊണ്ട് 145 ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന് യുക്രൈനും ആരോപിച്ചു. ഇതിൽ 62 എണ്ണം തങ്ങളുടെ വ്യോമ പ്രതിരോധം തകർത്തതായി അവർ പറഞ്ഞു.

pathram desk 5:
Related Post
Leave a Comment