ഡോ.എ.ജയതിലകിനെതിരെ വീണ്ടും …. നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുന്നത്, ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ… എന്ന് എന്‍ പ്രശാന്ത്

തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപവുമായി കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തനിക്കു പ്രതികൂലമായി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയ ഡോ.എ.ജയതിലകിനെതിരെ എന്‍.പ്രശാന്ത് കഴിഞ്ഞദിവസവും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയിരുന്നു. ഡോ. ജയതിലകിന്റെ ചിത്രം സഹിതമായിരുന്നു കുറിപ്പ്. തന്റെ പോസ്റ്റിനുള്ള ഒരു കമന്റിനു നല്‍കിയ മറുപടിയില്‍ ജയതിലകിനെ ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’ എന്നുവരെ പരാമര്‍ശിച്ചു. സംഭവത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശാന്തിനോടു വിശദീകരണം തേടിയശേഷം നടപടികള്‍ സ്വീകരിക്കും.ഇതിനെടയാണ് വീണ്ടും പോസ്റ്റിട്ടത്.

പട്ടികജാതി വര്‍ഗ വകുപ്പിനു കീഴിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ‘ഉന്നതി’യില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്ന കാലത്തെ ചില ഫയലുകള്‍ കാണാനില്ലെന്നും ജോലിക്കെത്താതെ വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്നും ജ യതിലക് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തയില്‍നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം.

പുതിയ ഫെയ്‌സ്ബുക് കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍:

”കല്‍പ്പിക്കുന്ന രീതിയില്‍ ഫയല്‍/റിപ്പോര്‍ട്ട്/നോട്ടെഴുതാന്‍ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെറുതേ നടന്നാല്‍ കേള്‍ക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂ. പബ്ലിക് സ്‌ക്രൂട്ടിനി ഉണ്ടെങ്കില്‍ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് ഒരാള്‍ ‘വിസില്‍ ബ്ലോവര്‍’ ആവുന്നത് എന്നത് ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു ഐഎഎസ് കാരനെങ്കിലും ധൈര്യപൂര്‍വം ഒരു വിസില്‍ ബ്ലോവര്‍ ആയേ പറ്റൂ. തല്‍ക്കാലം ഞാനല്ലാതെ ആര്?

പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും പേര് പറയാതെ പോസ്റ്റ് ചെയ്താല്‍ പോരെ എന്ന്. അല്ലെങ്കില്‍ മറ്റൊരു മാധ്യമം വഴി അവര്‍ ചെയ്യുന്ന അതേ പരിപാടി ചെയ്താല്‍ പോരേ എന്ന്. അതിലൊരു ചെറിയ പ്രശ്‌നമുണ്ട് വര്‍മ്മ സാറേ…സര്‍ക്കാര്‍ ഫയലില്‍ കാര്യങ്ങള്‍ എഴുതിത്തീര്‍ത്താല്‍ പോരെ എന്ന് മറ്റു ചിലര്‍ക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളില്‍ ആരോപിതനായാലും, സിബിഐ അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താല്‍ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളില്‍ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത് അതിരുകടന്ന നിഷ്‌കളങ്കതയാണ്. ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തില്‍ ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ചു വരുത്താതിരിക്കാന്‍ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ.

പൊതുജനമധ്യത്തില്‍ സിവില്‍ സര്‍വീസിന്റെ വില കളയാതിരിക്കാന്‍ മൗനം പാലിക്കാനും ചിലര്‍ ഉപദേശിക്കുന്നു. വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും, ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും, വാട്‌സാപ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വീസില്‍ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ചു വയ്ക്കുകയാണോ വേണ്ടത് ? പിന്തിരിപ്പന്‍ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളില്‍ പീഡോഫീലിയ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വയ്ക്കാന്‍ ഉപദേശിക്കുന്ന അതേ ലോജിക്! വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ എന്തിനാണ് ഭയം? ഇതേ പേജില്‍ എല്ലാ വിവരങ്ങളും വരും. ചില്ല്!”

കലിപ്പ് തീര്‍ത്ത് സഞ്ജുവും മാര്‍ക്കോ യാന്‍സനും; ട്വന്റി20 മത്സരത്തിനിടെ സഞ്ജു സാംസണും മാര്‍ക്കോ യാന്‍സനും തമ്മില്‍ വാക്‌പോര്, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറല്‍

pathram desk 1:
Related Post
Leave a Comment