വീട്ടിൽ കയറി വെട്ടാൻ ശ്രമം, തടയുന്നതിനിടെ കൈയ്ക്ക് പരുക്ക്. രക്ഷപ്പെട്ട് ഓടിക്കയറി വാതിലടച്ചപ്പോൾ മകളെയും എടുത്തിറങ്ങി, പിടിച്ചുവാങ്ങുന്നതിനിടെ ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ചു: യുവതിയെ കത്തിയും വടിവാളുമുപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

വടകര (കോഴിക്കോട്): ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെമ്മരത്തൂരിലെ പാലയാട്ട് മീത്തൽ അനഘ അശോകിനെ (27) വെട്ടിയ സംഭവത്തിൽ ഭർത്താവ് കാർത്തികപ്പള്ളിയിലെ ചെക്കിയോട്ടിൽ ഷനൂപിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ്‌ കേസ്. അക്രമം തടയുന്നതിനിടെ അനഘയുടെ അമ്മമ്മ മാതുവിനും പരുക്കേറ്റു.

കാർത്തികപ്പള്ളിയിലെ ഭർതൃവീട്ടിലായിരുന്ന അനഘ വെള്ളിയാഴ്ചയാണ് സ്വന്തംവീടായ ചെമ്മരത്തൂരിലെത്തിയത്. ഉച്ചയ്ക്ക് 2.30-ഓടെ ഇവിടെയെത്തിയ ഷനൂപ് കത്തിയും കൊടുവാളുമായി വീട്ടിലേക്ക് വരുകയും കത്തിയെടുത്ത് അനഘയുടെ വയറിനുനേരേ വീശുകയുമായിരുന്നു.

വെട്ട്കൈകൊണ്ട് തടഞ്ഞപ്പോൾ ഇടതുകൈയ്ക്ക് സാരമായി പരുക്കേറ്റു. പിടിവലിക്കിടെ കത്തി നിലത്തുവീണപ്പോൾ അരയിൽ കരുതിയ കൊടുവാളെടുത്ത് വീണ്ടും അനഘയ്ക്കുനേരേ വീശി. അനഘയും വീട്ടുകാരും രക്ഷപ്പെട്ട് അകത്തുകയറി വാതിലടച്ച സമയത്ത് ഇയാൾ മകളെയും എടുത്ത് പുറത്തേക്കുപോയി.

പിന്നാലെചെന്ന് കുട്ടിയെ പിടിച്ചുവാങ്ങുന്നതിനിടെ അനഘയെ ഹെൽമെറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഈ സമയത്താണ് അമ്മമ്മ മാതുവിനും കത്തികൊണ്ട് മുറിവേറ്റത്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത്.

pathram desk 5:
Related Post
Leave a Comment