കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; സ്പോടനം ഇസ്രത്ത് ജഹാൻ കൊലക്കേസിൽ പ്രതികാരമായി

കൊല്ലം: 2016 ലെ കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ ഒന്നാംപ്രതി അബ്ബാസ് അലി (31), രണ്ടാംപ്രതി ഷംസൂണ് കരീം രാജ (33), മൂന്നാം പ്രതി ദാവൂദ് സുലൈമാന് (27) എന്നിവർക്കാണ് കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) നിലനിൽക്കുമെന്ന് കോടതി വിധിച്ചു. നാലാം പ്രതി ഷംസുദ്ദീനെ (28) തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടിരുന്നു.

2016 ജൂൺ 15-ന് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്കു സമീപത്തായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്. മധുര കീഴവേളിയിൽ ഒന്നാം പ്രതി നടത്തിവന്നിരുന്ന ദാറുൾ ഇലം ഗ്രന്ഥശാലയിൽവച്ച് ബേസ്മൂവ്‌മെന്റ് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപംനൽകി ബോംബ് സ്‌ഫോടനം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2004 ജൂണ് 15-ന് ഗുജറാത്തിൽ ഇസ്രത്ത് ജഹാനെയും മറ്റ് മൂന്നുപേരെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്.

അന്നേ ദിവസം രാവിലെ പത്തുമണിയോടെ കളക്ടറേറ്റിനുള്ളിൽ കാർ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന തൊഴിൽവകുപ്പിന്റെ ജീപ്പിനു സമീപമാണ് ബോംബ് സ്ഥാപിച്ചത്. 10.45-ന് ബോംബ് പൊട്ടിത്തെറിച്ചു. ഇതിലെ ചീള് തെറിച്ച് മുൻസിഫ് കോടതി വരാന്തയിൽ നിന്ന കുണ്ടറ സ്വദേശി നീരൊഴുക്കിൽ സാബുവിന്റെ മുഖത്തും കൊണ്ടിരുന്നു.

2023 ഏപ്രിൽ 13-ന് അന്നത്തെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ആയിരുന്ന എം.ബി. സ്‌നേഹലതയാണ് കുറ്റപത്രം വായിച്ചത്. ആകെ 63 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് വിസ്തരിച്ചു. 110 രേഖകൾ, 26 തൊണ്ടിമുതലുകൾ എന്നിവ ഹാജരാക്കി. തുടർന്ന് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ജി. ഗോപകുമാറിന്റെ മുൻപിൽ ദിവസങ്ങൾ നീണ്ടുനിന്ന വാദം നടന്നു. പ്രോസിക്യൂഷനു വേണ്ടി ഗവണ്മെന്റ് പ്ലീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകൻ കുറ്റിച്ചൽ ഷാനവാസും ഹാജരായി.

pathram desk 5:
Related Post
Leave a Comment