ദാരുണാന്ത്യം: കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു

അംറേലി (ഗുജറാത്ത്): കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തിൽ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുട്ടികളുടെ മാതാപിതാക്കൾ രാവിലെ ഏഴരയോടെ സമീപത്തെ ഫാമിൽ ജോലിക്കായി പോയി. ഇവരുടെ ഏഴ് മക്കളെ തനിച്ച് വീട്ടിലാക്കിയാണ് ജോലിക്ക് പോയത്. കുട്ടികളിൽ നാലുപേർ കളിക്കുന്നതിനിടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഫാം ഉടമ ഭാരത് ഭായി മന്ദാനിയുടെ ഉടമസ്ഥതയിലുള്ള കാറിൽ കയറുകയായിരുന്നു.

കുട്ടികൾ താക്കോൽ ഉപയോഗിച്ച് കാർ അൺലോക്ക് ചെയ്ത് അകത്ത് കയറുകയായിരുന്നു, പക്ഷേ ഡോറുകൾ ഓട്ടോ ലോക്ക് ആയതോടെ ശ്വാസം മുട്ടിയാണ് അവർ മരിച്ചത്,” അമ്രേലിയിലെ പോലീസ് സൂപ്രണ്ട് ഹിംകർ സിംഗ് പറഞ്ഞു. 7ഉം 4ഉം വയസുള്ള രണ്ട് സഹോദരിമാരും 5ഉം 2ഉം വയസുള്ള രണ്ട് സഹോദരന്മാരുമാണ് അപകടത്തിൽ മരിച്ചത്.

പിന്നീട് ഫാം ഉടമയും കുട്ടികളുടെ മാതാപിതാക്കളും തിരികെ വന്നപ്പോഴാണ് കാറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. അംറേലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അമ്റേലി ആശുപത്രിയിലേക്ക് മാറ്റി. മന്ദാനിയുടെ കൃഷിയിടത്തിൽ കാർഷിക ജോലി തേടി മധ്യപ്രദേശിൽ നിന്ന് കുടിയേറിയതാണ് ഇവരുടെ മാതാപിതാക്കൾ. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അംറേലി താലൂക്ക് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

pathram desk 5:
Leave a Comment