ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോൺസുലാർ ക്യാംപ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചതിൽ ഇന്ത്യ അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവമെന്ന് ഒട്ടാവയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു.
ക്ഷേത്രത്തോടു ചേർന്ന് പ്രവർത്തിക്കുന്ന കോൺസുലാർ ക്യാംപിനു പുറത്ത് ഇന്ത്യാ വിരുദ്ധ ശക്തികൾ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ഓഫീസിന് മതിയായ സുരക്ഷ ഒരുക്കാൻ കാനഡയോട് അഭ്യർഥിച്ചിരുന്നതായും ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
വിദേശത്തുളള ഇന്ത്യൻ വംശജർക്ക് കോൺസുലേറ്റിൻറെ സേവനങ്ങൾ ലഭ്യമാക്കാൻ ഖലിസ്ഥാനികൾ തടസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും 1,000 ലൈഫ് സർട്ടിഫിക്കറ്റുകൾ ഇന്ത്യകാർക്കും കനേഡിയൻ അപേക്ഷകർക്കും നൽകാൻ കോൺസുലേറ്റിന് സാധിച്ചതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ബ്രാംപ്റ്റണിലെ ഹിന്ദുസഭാ ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അമ്പലത്തിന് പുറത്തുള്ളവരെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചിരുന്നു. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടക്കുമ്പോൾ 1984-ലെ സിഖ് വിരുദ്ധ കലാപത്തിൻ്റെ വാർഷികത്തോടനുബന്ധിച്ച് ഒരു സംഘം ഖാലിസ്ഥാൻ അനുകൂല അനുകൂലികൾ പ്രകടനം നടത്തുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
Leave a Comment