വീട്ടുജോലി ചെയ്തില്ല; 16 കാരിയെ മർദ്ദിച്ചും സി​ഗരറ്റ് കൊണ്ട് പൊള്ളലേൽപിച്ചും കൊലപ്പെടുത്തി ശുചിമുറിയിൽ തള്ളി; ദുർ​ഗന്ധം വരാതിരിക്കാൻ സു​ഗന്ധദ്രവ്യവും; ദമ്പതികൾ അറസ്റ്റിൽ

ചെന്നൈ: നീലങ്കരയിൽ വീട്ടുജോലി ചെയ്തിരുന്ന 16 വയസുകാരി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടുടമയും ഭാര്യയും പിടിയിൽ. മേത്ത നഗർ, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാർട്മെന്റിലെ ശുചിമുറിയിൽ ശരീരമാസകലം പരുക്കുകളോടെയായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം സി​ഗരറ്റ് കൊണ്ട് പൊള്ളലേറ്റ പാടുകളും.

സംഭവത്തിൽ യൂസ്ഡ് കാർ ഡീലറായ മുഹമ്മദ് നിഷാദും ഭാര്യ നസിയയും അറസ്റ്റിലായി. ഇവരുടെ സഹായിയും കേസിലെ പ്രതിയുമായ ലോകേഷ് രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ചെന്നൈയിലെ മേത്ത നഗർ പ്രദേശത്താണ് ഇവർ താമസിക്കുന്നത്. തഞ്ചാവൂർ സ്വദേശിനിയായ പെൺകുട്ടിയെ നസിയയുടെ മാതാവ് മുഖേനയാണ് ഇവർ ജോലിക്കെടുത്തത്. ദീപാവലി ദിനത്തിൽ കുളിക്കാൻ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്നും കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ അബോധാവസ്ഥയിലായിരുന്നെന്നും ഇവർ പൊലീസിനോടു പറഞ്ഞു.

എന്നാൽ പോലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 31 ന് ദമ്പതികളുടെ കുളിമുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയതിന് ശേഷം ദമ്പതികൾ ബാത്ത്റൂം പൂട്ടി, ദുർഗന്ധം മറയ്ക്കാൻ സു​ഗന്ധദ്രവ്യം കത്തിച്ച് ബന്ധുവീട് സന്ദർശിക്കാൻ പോയി.

പിന്നീട് നവംബർ ഒന്നിന് അഭിഭാഷകൻ മുഖേന നിഷാദ് പോലീസിൽ പരാതി നൽകി. ഇതേത്തുടർന്നാണ് അമ്മാഞ്ചിക്കര പൊലീസ് സംഘം പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ടിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

പോലീസ് നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ സിഗരറ്റിന്റെ പൊള്ളലും ചതവുകളും കണ്ടെത്തി. തുടർന്നു നിഷാദിനേയും ഭാര്യ നാസിയയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപാവലി ദിനത്തിൽ വീട്ടുജോലികൾ കൃത്യമായി ചെയ്തില്ലെന്ന് പറഞ്ഞ് നിഷാദും ഭാര്യയും പെൺകുട്ടിയെ മർദിച്ചതായി പൊലീസ് പറയുന്നു.

തുടർന്ന് ഇവരുടെ സുഹൃത്തായ ലോകേഷും പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. പെൺകുട്ടി അബോധാവസ്ഥയിലായതോടെ 3 പേരും ചേർന്നു മൃതദേഹം കുളിമുറിയിൽ തള്ളുകയായിരുന്നു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാൻ സാധിക്കുവെന്ന് ലോക്കൽ പോലീസ് പറഞ്ഞു.

pathram desk 5:
Related Post
Leave a Comment