ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്…!! ചേലക്കരക്കാർക്ക് എന്നെ അറിയാം…!! പെരും കള്ളം എന്തിനാണ് പ്രചരിപ്പിക്കുന്നത് എന്നും അറിയാം..!! മുഖ്യ മന്ത്രിക്ക് പരാതി നൽകിയിട്ടില്ല, വാർത്ത നിഷേധിച്ച് യുആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ രാധാകൃഷ്ണൻ പ്രചരണത്തിനിറങ്ങുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്. നിലവിൽ ആലത്തൂർ എംപിയായ കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമല്ലെന്ന വാർത്തകളായിരുന്നു പ്രചരിച്ചത്. കൂടാതെ രാധാകൃഷ്ണനെതിരെ പ്രദീപ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നും വിവരമുണ്ടായിരുന്നു.

എന്നാൽ ഇരു നേതാക്കളും ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടില്ലെന്ന് യുആർ പ്രദീപ് വ്യക്തമാക്കി. കെ രാധാകൃഷ്ണൻ പ്രചാരണ രംഗത്ത് സജീവമായി ഉണ്ട്. പരാതി നൽകിയെന്ന വാർത്തയിൽ വാസ്തവമില്ലെന്നും യു ആർ പ്രദീപ് പ്രതികരിച്ചു.

ചേലക്കരയിലെ പ്രചാരണത്തിന് താൻ സജീവമായിട്ടുണ്ടെന്ന് കെ രാധാകൃഷ്ണനും പറഞ്ഞു. മറ്റു പ്രചരണങ്ങൾ ബോധപൂർവ്വം നടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ ചേലക്കരയിൽ സജീവമായി പ്രവർത്തനരംഗത്ത് ഉണ്ട്. ഇടതുമുന്നണിയുടെ ജയത്തിന് തടയിടാൻ ഉള്ള ബോധപൂർവമായ പ്രചരണമാണ് നടക്കുന്നത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നയാളാണ് താനെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

ചേലക്കരയിൽ മുൻ എംപി രമ്യ ഹരിദാസാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്ണനാണ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എൻ കെ സുധീറും മത്സരിക്കുന്നുണ്ട്.

ഹരിദാസൻ എന്ന സിഐടിയു പ്രവർത്തകന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വവും ഇതിനോടകം ചർച്ചയായിട്ടുണ്ട്. സിപിഐഎം രമ്യ ഹരിദാസിനെതിരെ രംഗത്തിറക്കിയതാണ് ഹരിദാസനെ എന്ന ആക്ഷേപമുയർന്നിരുന്നു. എന്നാൽ താൻ അപരനോ വിമതനോ അല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. അഞ്ച് വർഷം എംപിയായി ഭരിച്ച രമ്യയോടുള്ള പ്രതിഷേധമാണ് സ്ഥാനാർത്ഥിത്വമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


.

pathram desk 5:
Related Post
Leave a Comment