കൊച്ചി: സംസ്ഥാനത്തെ സ്വർണവില സർവകാല റിക്കാർഡുകളും മറികടന്ന് മുന്നോട്ട് കുതിക്കുന്നു. നിലവിൽ സ്വർണവില 60,000 രൂപയോട് അടുത്തിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 59,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 360 രൂപ കൂടി വർദ്ധിച്ചാൽ വില 60,000ത്തിൽ എത്തും. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ ഉയർന്ന് 6,140 രൂപയിലെത്തി.
കഴിഞ്ഞ എട്ടുമാസത്തെ കണക്കുകളെടുത്ത് നോക്കിയാൽ 14,120 രൂപയുടെ വർദ്ധനവാണുണ്ടായിട്ടുള്ളത്. ആഗോള കാരണങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സ്വർണവില 45,520 രൂപയായിരുന്നു.
ചൊവ്വാഴ്ചയാണ് സ്വർണവില ആദ്യമായി 59,000 രൂപയിലെത്തിയത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ചൊവ്വാഴ്ച കൂടിയത്. ബുധനാഴ്ചയായപ്പോഴേക്കു പവന് 520 രൂപയും ഗ്രാമിന് 65 രൂപയും വർധിച്ചു. തിങ്കളാഴ്ച 360 രൂപയുടെ കുറവ് അനുഭവപ്പെട്ട ശേഷമായിരുന്നു കുത്തനെയുള്ള കയറ്റം. നാല് ദിവസത്തിനിടെ 2,000 രൂപയുടെ വർധനയാണ് സ്വർണ വിപണിയിലുണ്ടായത്.
ആഗോളവിപണിയിലുണ്ടാകുന്ന മുന്നേറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഔൺസിന് 2,781 ഡോളർ എന്ന റിക്കാർഡ് രാജ്യാന്തര വില ഇന്ന് മറികടന്ന് 2,789.87 ഡോളർ എന്ന പുതിയ ഉയരത്തിലെത്തി. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 106 രൂപയിൽ തുടരുന്നു.
Leave a Comment