കരുനാഗപ്പള്ളി: താൽക്കാലിക വനിതാ ജീവനക്കാരിയുടെ ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ കേസ്. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെയാണ് വനിതാ ജീവനക്കാരി പരാതി നൽകിയത്. വഴങ്ങിക്കൊടുക്കാൻ പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും ജീവനക്കാരി പരാതിയിൽ പറയുന്നു.
ജീവനക്കാരിയുടെ പരാതി ഇങ്ങനെ: ഒരുവർഷമായി ചെയർമാൻ നിരന്തരമായി മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നു. വഴങ്ങിക്കൊടുത്താൽ വൃക്കരോഗിയായ തൻറെ ഭർത്താവിൻറെ മുഴുവൻ ചികിത്സ ചെലവും ഏറ്റെടുത്തുകൊള്ളാമെന്നും വാഗ്ദാനം. കൂടാതെ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഭർത്താവിൻറെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് ചെയർമാനെ സമീപിച്ചപ്പോഴായിരുന്നു സംഭവം. പണം വേണമെങ്കിൽ തൻറെ ഒപ്പം വരണമെന്ന് നഗരസഭ ചെയർമൻ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു.
സംഭവത്തെക്കുറിച്ച്സിപിഎം പ്രാദേശിക ഘടകങ്ങൾക്കും ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഒടുവിലാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും യുവതി പറഞ്ഞു.
എന്നാൽ യുവതിയുടെ പരാതി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിഷേധിച്ചു. താനിതുവരെ പരാതിക്കാരിയുമായി ഫോണിലോ, നേരിട്ടോ ബന്ധപ്പെട്ടിട്ടില്ല. പരാതിയുടെ ഉദ്ദേശം വ്യക്തിഹത്യ മാത്രമാണ്. പോലീസ് അന്വേഷണം പൂർത്തിയാകുമ്പോൾ കാര്യങ്ങൾക്കു വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരി ചിലരുടെ ആയുധം മാത്രമാണ്. ഇതിനു പിന്നിൽ മറ്റുപല ആളുകളുണ്ടെന്നും രാജു പറഞ്ഞു.
Leave a Comment