തിരുവനന്തപുരം: ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം വിവാദമായിരിക്കെ, സ്‌പോട്ട് ബുക്കിങ് വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിശ്വാസികള്‍ക്കു ശബരിമലയില്‍ പോയി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. ഇല്ലെങ്കില്‍ വലിയ തിരക്കും സംഘര്‍ഷവുമുണ്ടാകും. ആ സംഘര്‍ഷവും വര്‍ഗീയവാദികള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയ എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ അത് തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും വഴിവയ്ക്കും. അത് വര്‍ഗീയവാദികള്‍ക്കു മുതലെടുക്കാനുള്ള അവസരമാകും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ട്. ഒരു വിശ്വാസിയും വര്‍ഗീയവാദിയല്ല. വിശ്വാസം ഒരു ഉപകരണമായി മതധ്രുവീകരണത്തിനുവേണ്ടി ഉപയോഗിക്കുന്നവരാണു വര്‍ഗീയവാദി. കാല്‍നടയായി എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കാകെ കൃത്യമായി സന്നിധിയിലേക്കു പോകാനും ദര്‍ശനം നടത്താനും സൗകര്യമുണ്ടാവണം. ഇക്കാര്യത്തില്‍ സിപിഎമ്മിന് അഭിപ്രായ വ്യത്യാസമില്ല.
ബിജെപിയും ആര്‍എസ്എസും എന്തിനാണു സമരത്തിന് പുറപ്പെടുന്നത്? പാര്‍ട്ടിയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരേ നിലപാടുമായി മുന്നോട്ടുപോയാല്‍, മന്ത്രി തന്നെ അത് വ്യക്തമാക്കിയാല്‍ പിന്നെയെന്തിനാണ് സമരം? ആ സമരം വര്‍ഗീയതയാണ്. ശബരിമലയിലേക്കു വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണം. സംസ്ഥാനത്തു മഹാഭൂരിപക്ഷവും വിശ്വാസികളാണ്. ഞങ്ങള്‍ വിശ്വാസിക്ക് എതിരല്ല, ഒപ്പമാണ്. വിശ്വാസികളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ശബരിമലയില്‍ പോകുന്നതില്‍ നല്ലൊരു വിഭാഗം സിപിഎമ്മുകാരാണ്.
സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ടു ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിന് മാധ്യമശൃംഖലയുടെ പിന്തുണയുമുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് സാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ജയിക്കാനാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടും. മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായുള്ള പ്രചാരണം എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന ഉത്കണ്ഠ മൂലമാണ്’’– ഗോവിന്ദൻ പറഞ്ഞു.
Sabarimala Needs Spot Booking to Prevent Chaos Says CPM’s Govindan
MV Govindan Kerala News Malayalam News Communist Party of India Marxist CPM
Leave a Comment