കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ കഴിയവേ, സ്ത്രീ സുരക്ഷയെ സംബന്ധിച്ച് നടൻ മുൻപ് പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കാതെ അപ്പോൾ മുഖത്തടിക്കണമെന്നാണ് സിദ്ദിഖ് 2018ൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്വയം വെളിപ്പെടുത്തലുമായി സ്ത്രീകൾ രംഗത്തുവന്ന ‘മി ടൂ’ ക്യാംപെയ്നെ സംബന്ധിച്ചായിരുന്നു നടന്റെ പ്രതികരണം.
‘‘ മി ടൂ എന്നു പറയുന്നത് നല്ല ക്യാംപെയ്നാണ്. അത് സിനിമാ നടിമാർക്ക് മാത്രമല്ല, എല്ലാവർക്കും നല്ലതാണ്. ഒരാൾ ഉപദ്രവിച്ചാൽ അയാളുടെ പേരു വെളിപ്പെടുത്തണമെന്ന് ഒരു പെൺകുട്ടി തീരുമാനിക്കുന്നത് നല്ല കാര്യമാണ്. 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോൾ അടിക്കണം കരണം നോക്കി. ആ സമയത്ത് പേരു വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കണം. അന്ന് ധൈര്യമുണ്ടായില്ല, 20 കൊല്ലം കഴിഞ്ഞപ്പോൾ ധൈര്യം ഉണ്ടായി എന്നു പറയാൻ നിൽക്കരുത്. എല്ലാ പെൺകുട്ടികളോടൊപ്പവും കേരള ജനത മുഴുവൻ ഉണ്ടാകും. ആക്രമിക്കപ്പെടുന്ന ആ സമയം തന്നെ പ്രതികരിക്കണം എന്നാണ് എന്റെ അപേക്ഷ ’’– 2018 ഒക്ടോബർ 15ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതി സ്ഥാനത്തുള്ളവരെ സംരക്ഷിക്കാൻ ‘അമ്മ’ ശ്രമിക്കില്ലെന്ന് 2024 ഓഗസ്റ്റ് 23ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. ‘‘ മാധ്യമങ്ങൾ ‘അമ്മ’യെ പ്രതിസ്ഥാനത്തു നിർത്തുന്നതും സിനിമ മേഖലയെ അടച്ചാക്ഷേപിക്കുന്നതും സങ്കടകരമാണ്. കേസെടുത്ത് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. നിയമനടപടികൾക്ക് സഹായം ആവശ്യമുള്ളവർക്ക് അതു നൽകും. പരാതിക്കാരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും സ്വാഗതാർഹമാണ്. തുടർ നടപടി സർക്കാർ തീരുമാനിക്കണം. ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്ന് തീരുമാനിക്കും’’–സിദ്ദിഖ് പറഞ്ഞു.
യുവ നടിയുടെ പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് മൊഴി.
Siddique’s Past Comments on Women’s Safety Go Viral Amid Harassment Case
Siddique Me Too in Malayalam Film Hema Committee report Kerala News
Leave a Comment