ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയില്‍നിന്ന് ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് ഭാരത് ബെൻസിന്റെ എൻജിനായിരുന്നു. എന്നാൽ, ഇപ്പോൾ ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എൻജിനാണ്. ഇത് ടാങ്കറിന്റേതാണോ അല്ലെങ്കിൽ, മറ്റേതെങ്കിലും ലോറിയുടേതാണോ എന്ന് പറയാനാകില്ലെന്നും മനാഫ് വ്യക്തമാക്കി. ഈ എന്‍ജിന്‍ ഇപ്പോൾ പുറത്തേക്കെത്തിച്ചിട്ടുണ്ട്.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനൊപ്പം മുങ്ങല്‍വിദഗ്ധന്‍ ഈശ്വർ മാൽപെയും സംഘവും സ്ഥലത്തുണ്ട്. ഈശ്വറിന്റെ നേതൃത്വത്തിൽ ഇപ്പോഴും പ്രദേശത്ത് മുങ്ങിത്താഴ്ന്നു പരിശോധിക്കുകയാണ്. അർജുന്റെ ലോറിയിലുണ്ടായിരുന്ന തടികൾ ഇവർക്ക് ലഭിച്ചിരുന്നു.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം.
പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം മണ്ണിടിച്ചിലിനുശേഷം ഗംഗാവലി പുഴയിൽ ലോറികൾ ഉഗ്ര സ്ഫോടനത്തിൽ തകർന്നു എന്ന സംശയം കൂടുതൽ ബലപ്പെടുന്നു. ഇന്നലെ ഡ്രജർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ടാങ്കർ ലോറി ഭാഗങ്ങളെല്ലാം തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകർന്നു ചളുങ്ങിയ പോലെയുള്ള നിലയിലായിരുന്നു.
മണ്ണിടിച്ചിലിൽ ടാങ്കർ പൊട്ടിത്തെറിച്ചോ ഹൈടെൻഷൻ ലൈൻ പൊട്ടി പുഴയിലേക്കു വീണോ സംഭവിച്ച സ്ഫോടനത്തിന്റെ സൂചനകളാണ് ഇന്നലെ ലഭിച്ച വാഹന അവശിഷ്ടങ്ങളിലുള്ളത്. സംഭവദിവസം വലിയ സ്ഫോടനം ഉണ്ടായതായി ദൃക്സാക്ഷികൾ നേരത്തേ വെളിപ്പെടുത്തിയിരുന്നു. സ്ഫോടനം സംഭവിച്ചപ്പോൾ വാഹനഭാഗങ്ങൾ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചതാവാം പല സ്ഥലങ്ങളിലായി ടാങ്കർ ഭാഗങ്ങൾ പുഴയിൽ ചിതറിക്കിടക്കുന്നതിന്റെ കാരണമെന്നു സംശയിക്കുന്നു.
മണ്ണിടിച്ചിലിൽപ്പെട്ട ഇന്ധന ടാങ്കർ ലോറിയുടെ പിൻഭാഗം മാത്രമാണ് അപകടം നടന്ന ഉടനെ കിലോമീറ്ററുകൾ അകലെനിന്നു ലഭിച്ചിരുന്നത്. ഇന്നലെ ഇന്ധന ടാങ്കറിന്റ മുൻവശത്തെ ആക്സിലും രണ്ടു ടയറുകളുമടങ്ങുന്ന ഭാഗവും കാബിന്റെ സ്റ്റിയറിങ് അടക്കമുള്ള ബോഡിയും ലഭിച്ചു. മണ്ണിടിച്ചിൽ കാരണം മാത്രം ടാങ്കർ ലോറി ഇങ്ങനെ പല കഷ്ണങ്ങളായി വേർപെടാനുള്ള സാധ്യത തീരെ ഇല്ല. സ്ഫോടനവും പൊട്ടിത്തെറിയും സംഭവിച്ചതിന്റെ ഫലമായാണ് ഇങ്ങനെ സംഭവച്ചതെന്നു കരുതുന്നു.
lorry engine found Massive Explosion Cause the Gangavalli River Tragedy?
Shirur Landslide Rescue Karnataka Kerala News Arjun driver kozhikode
Leave a Comment