കൊച്ചി: പിണറായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അത് നിഷേധിക്കാൻ കഴിയില്ലെന്നും സാഹിത്യകാരൻ എം മുകുന്ദൻ. നമ്മുക്കൊന്നും ഭാവന ചെയ്യാൻ പോലും പറ്റാത്ത ദാരിദ്ര്യവും കഷ്ടപ്പാടും പൊലീസ് മർദനവുമൊക്കെ അനുഭവിച്ചിട്ടുള്ള ഒരു നേതാവാണ് പിണറായി എന്നും എം മുകുന്ദൻ പറഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണോ പിണറായി എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്തു.
“പിണറായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് നിഷേധിക്കാൻ കഴിയില്ല. ഇന്നും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നത്. ഇന്ത്യയിലെവിടെയുമില്ല അങ്ങനത്തെയൊന്ന്. വൈറസാണ് നമ്മുടെ വരാൻ പോകുന്ന പ്രധാന ശത്രു. നവമുതലാളിത്തമോ അമേരിക്കയോ ഒന്നുമല്ല പ്രധാന ശത്രു. വൈറസാണ് കേരളത്തിന്റെ പ്രധാന ശത്രു. ഇന്ത്യയിലെവിടെയെങ്കിലും നിപയുണ്ടോ? അത് കേരളത്തിലാണുള്ളത്. വൈറസാണ് നമ്മുടെ ശത്രു. ആ ശത്രുവിനെ പിണറായി തിരിച്ചറിഞ്ഞിരിക്കുന്നു. ആ ശത്രുവിനെ ഇല്ലാതാക്കാനാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ടുവന്നിരിക്കുന്നത്”- എം മുകുന്ദൻ പറഞ്ഞു.
“അദ്ദേഹത്തെക്കുറിച്ച് എനിക്ക് ആകെ തോന്നിയിട്ടുള്ളത്, മീഡിയ ഫ്രണ്ട്‌ലി അല്ല, അങ്ങനെയൊരു വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. വിഎസ് അച്യുതാനന്ദനേക്കാൾ കൂടുതൽ എനിക്ക് പിണറായിയെ അറിയാം. കാരണം ഞങ്ങൾ ഒരേ നാട്ടുകാരാണ്. അദ്ദേഹം അങ്ങനെയൊരു സാഹചര്യത്തിൽ വളർന്ന ഒരു നേതാവാണ്. നമ്മുക്കൊന്നും ഭാവന ചെയ്യാൻ പോലും പറ്റാത്ത ദാരിദ്ര്യവും കഷ്ടപ്പാടും പൊലീസ് മർദനവുമൊക്കെ അനുഭവിച്ചിട്ടുള്ള ഒരു നേതാവാണ്. ഒരുപാട് അദ്ദേഹം കഷ്ടപ്പെട്ടിട്ടുണ്ട്, എന്റെ മനസിൽ അതാണുള്ളത്. ആ പിണറായിയുടെ കൂടെയാണ് ഞാൻ നടന്നത്.
വിഎസിനെ എനിക്ക് അങ്ങനെ അറിയില്ല. ഞാൻ അറിഞ്ഞിടത്തോളം പിണറായി കടന്നുവന്ന അത്തരം അനുഭവങ്ങൾ വിഎസിന് ഇല്ല എന്നാണ്. വിഎസ് എന്നും സമാരാധ്യനായിട്ടുള്ള ഒരു നേതാവാണ്. ഒരു നേതാവാണ് അദ്ദേഹം, പക്ഷേ അങ്ങനെയൊരു നേതാവായാൽ മാത്രം പോരല്ലോ. ഈ മാറുന്ന കാലത്ത് നേതാവ് എന്ന് പറയുമ്പോൾ നമ്മുടെ പ്രശ്നങ്ങളൊക്കെ അറിയുന്ന ആളായിരിക്കണം. പരിഹാരം കണ്ടെത്തുന്ന ആളായിരിക്കണം”.
“പഴയ കാലത്തെ നേതാവാണ് വിഎസ്. അത് മോശമാണെന്ന് ഞാനൊരിക്കലും പറയില്ല. എനിക്കദ്ദേഹത്തോട് വലിയ സ്നേഹവും ആദരവുമൊക്കെയുണ്ട്. ഒരിക്കൽ കണ്ടപ്പോൾ വിഎസിന്റെ അടുത്ത് ചെന്ന് ഞാൻ ചോദിച്ചു, എന്നോട് ദേഷ്യമാണോയെന്ന്. ഏയ് എന്ന് പറഞ്ഞ് അദ്ദേഹം ചുമലിൽ കൈ വച്ച് നടന്നു പോയി. അദ്ദേഹത്തിന് എന്നോട് ഒരെതിർപ്പും ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ ആരാധകർക്കാണ് എതിർപ്പുണ്ടായിരുന്നത്”- മുകുന്ദൻ പറഞ്ഞു.
അന്ധമായിട്ടുള്ള ആരാധന ഉണ്ടാകുമ്പോഴാണ് പ്രശ്നം. ഒരു സിനിമ താരത്തെ ആരാധിക്കുന്ന പോലെ ഒരു പാർട്ടി നേതാവിനെ ആരാധിക്കാൻ സാധിക്കില്ല. സിനിമ ലോകം മറ്റൊന്നാണ്, അതിൽ എൻ്റർടെയ്ൻമെന്റിന് അപ്പുറത്തേക്ക് മറ്റൊന്നുമില്ല. പക്ഷേ ഒരു നേതാവ് എന്ന് പറയുമ്പോൾ അത് നമ്മുടെ ഭാഗധേയം ആണ്. -മുകുന്ദൻ പറഞ്ഞു.
Leave a Comment