കൊച്ചി: എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നു സ്ഥിരീകരിച്ച് ആർഎസ്എസ് പ്രചാരക് ജയകുമാർ. ‘‘അജിത് കുമാർ ഇതിനോടകം എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്. അജിത് കുമാർ പറഞ്ഞതിനോട് എതിരഭിപ്രായമില്ല. മാധ്യമങ്ങളോട് അജിത് കുമാർ സംസാരിക്കുമായിരിക്കും. എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയില്ല, പരിതിമികളുണ്ട് – ജയകുമാർ പറഞ്ഞു.
എവിടെയാണ് ഒരുമിച്ചു പഠിച്ചതെന്ന ചോദ്യത്തിനു ഉത്തരം നൽകാതിരുന്ന ജയകുമാർ സംഘത്തിന്റെ പ്രചാരകനായതിനാൽ മാധ്യമങ്ങളോടു സംസാരിക്കാനാകില്ലെന്നായിരുന്നു വിശദീകരിച്ചത്. ജയകുമാർ ഓടിച്ച കാറിൽ പോയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി എഡിജിപി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്.
എഡിജിപിയും ദത്താത്രേയ ഹൊസബലയുമായി തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നായിരുന്നു ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ആർഎസ്എസ് നേതാവിനും ഇതു പറയേണ്ടി വരുന്നത്.
ആർഎസ്എസ് നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മേയ് മാസത്തിലാണ് ദത്താത്രേയ ഹൊസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. തൃശൂർ പൂരം കലക്കാനാണ് കൂടിക്കാഴ്ച എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തിരുവനന്തപുരം കൈമനത്ത് ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ജയകുമാർ. എൻജിനീയറിങ് പഠന സമയത്താണ് എബിവിപിയിൽ സജീവമാകുന്നത്. പിന്നീട് തട്ടകം ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ആർഎസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറി പദത്തിലെത്തിയ ജയകുമാർ പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനാണ്. പ്രധാനമന്ത്രിയാകുന്നതിനു മുന്നേ മോദിയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദബന്ധമുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും അദ്ദേഹത്തിന് ബന്ധമുണ്ട്.
ബിജെപി ഭരണത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആർഎസ്എസ് നയങ്ങൾ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്. കേരളത്തിലും തമിഴ്‌നാട്ടിലും പരിവാർ പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ഇതിനു വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പർക് പ്രമുഖനാണ് ജയകുമാർ. കേരളത്തിലും തമിഴ്‌നാട്ടിലും ആർഎസ്എസിന് വേരോട്ടമുണ്ടാക്കുകയെന്നതാണ് ദൗത്യം.
Leave a Comment