മലയാള സിനിമയില്‍ മാത്രമേ ലൈംഗികചൂഷണമുള്ളൂ, തമിഴില്‍ ഇത്തരം പ്രശ്‌നം ഇല്ലെന്നും പ്രസ്താവിച്ച ജീവയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. തമിഴ് സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാനാകും എന്ന് ചിന്മയി ചോദിക്കുന്നു. ജീവ മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായി പ്രതികരിച്ചതിന്റെ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് ചിന്മയി വിമര്‍ശനമുന്നയിച്ചത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു, ജീവയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. നല്ലൊരു പരിപാടിക്കുവന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ജീവയുടെ ആദ്യ മറുപടി. വീണ്ടും ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ തമിഴ് സിനിമയില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മറുപടി നല്‍കി. തുടര്‍ ചോദ്യങ്ങളെത്തിയതോടെ ജീവ പ്രകോപിതനായി. മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്തുനിന്നു പോയി. സംഭവം ചര്‍ച്ചയായതോടെയാണ് ജീവയ്‌ക്കെതിരെ ചിന്മയി രംഗത്തെത്തിയത്.
തമിഴ് സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളില്‍ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായിക പരാതി നല്‍കുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാസംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. നീണ്ട 5 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ് ചിത്രം ലിയോയിലൂടെ തൃഷയ്ക്കു ശബ്ദം നല്‍കി ചിന്മയി രണ്ടാം വരവ് നടത്തിയിരുന്നു.
Leave a Comment