തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ മരണത്തെ മുന്നിൽ കണ്ട് രണ്ടുദിവസം കിടന്ന രവീന്ദ്രന്‍ നായര്‍ കടന്നുപോയ അനുഭവങ്ങൾ വിവരിക്കുന്നു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ മരണക്കുറിപ്പ് എഴുതി. രാവും പകലും അറിയാതെ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍ രവീന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഓരോ മണിക്കൂറും എനിക്ക് അനുഭവപ്പെട്ടത് ഓരോ ദിവസമായാണ്. കരഞ്ഞും ശപിച്ചുമാണ് മണിക്കൂറുകള്‍ തള്ളിനീക്കിയത്. കര്‍ക്കിടകം അടുക്കുകയാണല്ലോ. മരണപ്പെട്ട പൂര്‍വികരുടെ മുഖം ഓരോന്നായി മുന്നില്‍ തെളിഞ്ഞെന്നും മരിക്കുകയാണെന്ന് ഉറപ്പിച്ചെന്നും 48 മണിക്കൂറുകള്‍ നീണ്ട അതിജീവനത്തിനൊടുവില്‍ രവീന്ദ്രന്‍ നായര്‍ വെളിപ്പെടുത്തി.
റേഞ്ച് ഇല്ലാത്തതിനാല്‍ ആരേയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് രവീന്ദ്രന്‍ നായര്‍ പറയുന്നത്. അലാറം അടിച്ചെങ്കിലും ആരും വന്നില്ല. ആരെങ്കിലും ഉടനേ വരുമെന്ന പ്രതീക്ഷയിലാണ് ഇരുന്നത്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരാഹാര സമരം നടത്തിയിട്ടുണ്ട്. ആ ഒരു സഹനശക്തി മുതല്‍ക്കൂട്ടാക്കി കാത്തിരുന്നു. ബാഗില്‍ നിന്ന് പേപ്പറെടുത്ത് നടന്ന സംഭവങ്ങള്‍ കുറിച്ചുവച്ചു. ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. വാതിലുകളില്‍ തട്ടിയും തള്ളിയും പുറത്തിറങ്ങാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. മരണക്കുറിപ്പ് ബാഗിൽ വെച്ച് ലിഫ്റ്റിന്‍റെ കൈവരിയിൽ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനെ എഴുതിയതെന്നും രവീന്ദ്രന്‍ നായര്‍ വ്യക്തമാക്കി.
ലിഫ്റ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒന്നുമുണ്ടായിരുന്നില്ല. ബോർഡ് ഉണ്ടായിരുന്നെങ്കിൽ ആ ലിഫ്റ്റിൽ കയറുകയില്ലായിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ലിഫ്റ്റിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന വയോധികനെ കണ്ടെത്തിയത്. മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നിലയിലായിരുന്നു രവീന്ദ്രൻ നായർ. മൊബൈൽ ഫോൺ നിലത്ത് വീണ് നശിച്ച നിലയിലായിരുന്നു. ലിഫ്റ്റ് പെട്ടന്ന് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോൾ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നായർ പറഞ്ഞത്.
ഈ സംഭവത്തിന്റെ പേരില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് ആരോഗ്യമേഖലയെ ആകെ തള്ളിപ്പറയുന്നില്ലെന്നാണ് രവീന്ദ്രന്‍ നായരുടെ നിലപാട്. ആരെയും കുറ്റപ്പെടുത്തുന്നില്ല. ഇനി ആര്‍ക്കും ഇത് സംഭവിക്കരുത്. മെഡിക്കല്‍ കോളജിനെക്കുറിച്ച് ഒരു മോശം ചിത്രമുണ്ടാകരുത്. ഇപ്പോഴും ലിഫ്റ്റ് പ്രവർത്തനരഹിതമാണെന്ന നോട്ടീസോ മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ലെന്നും രവീന്ദ്രൻ നായർ പറയുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ രവീന്ദ്രൻ നായരെ സന്ദര്‍ശിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു ലിഫ്റ്റ് പ്രവര്‍ത്തനത്തിന് കണ്‍ട്രോള്‍ റൂം വേണമെന്ന് രവീന്ദ്രന്‍ നായര്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ആവശ്യപ്പെട്ടു.
നടുവേദനയ്‌ക്ക് ചികിത്സ തേടിയാണ് ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തിയത്. ഒന്നാം നിലയിലേക്ക് പോകാനായാണ് ലിഫ്റ്റിൽ കയറിയത്. പെടുന്നനെ ലിഫ്റ്റ് പ്രവർത്തന രഹിതമാവുകയായിരുന്നു. ഉടനെ അലാം സ്വിച്ചിൽ നിരവധി തവണ അമർത്തിയെങ്കിലും ആരുമെത്തിയില്ല. ലിഫ്റ്റിൽ കുടുങ്ങിയെന്നറിഞ്ഞ വെപ്രാളത്തിൽ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടി. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Also Read- സിപിഎം കോട്ടകൾ പിടിക്കാൻ പുതിയ നീക്കവുമായി ബിജെപി
പിതാവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ ഹരിശങ്കർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ലിഫ്റ്റിൽ ഉണ്ടാവുമെന്ന് കരുതിയില്ലെന്ന് മകൻ പറഞ്ഞു. ലിഫ്റ്റ് തറയിൽ നിന്ന് ഉയർന്ന് നിന്നിട്ടും ആരും നോക്കിയില്ല. ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് ലിഫ്റ്റ് ഓപ്പറേറ്റർ നൽകിയ വിശദീകരണം. നിരവധി രോഗികളെത്തുന്ന ഒപി വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റാണ് തകരാറിലായത്. സർക്കാരിന്റെ അനാസ്ഥയുടെ മറ്റൊരു നേർചിത്രം കൂടിയാണ് മറനീക്കി പുറത്തുവന്നത്.
Read More- സർക്കാർ ഓഫിസുകൾ ഇനി യുപിഐ സൗകര്യം: ഉത്തരവിറക്കി ധനവകുപ്പ്
Leave a Comment