കൊല്ലം: സിപിഎം പാർട്ടി കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ ബിജെപിയുടെ തീരുമാനം.
സി.പി.എം.കേന്ദ്രങ്ങളിലെയും രക്തസാക്ഷി ഗ്രാമങ്ങളിലെയും വോട്ടിങ് ഘടന (വോട്ടിങ് പാറ്റേൺ) പഠിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കണ്ണൂർ, കാസർകോട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പാർട്ടികേന്ദ്രങ്ങളിൽ ഇത്തവണ തങ്ങൾക്ക് അനുകൂലമായി വോട്ടൊഴുകി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വോട്ടു ചെയ്യൽ രീതി പഠിക്കാൻ തീരുമാനിച്ചത്. മുതിർന്ന നേതാവ് പി.കെ.കൃഷ്ണദാസിനാണ് ചുമതല. സംസ്ഥാന കമ്മിറ്റിക്കും ദേശീയനേതൃത്വത്തിനും റിപ്പോർട്ട് നൽകണം.
പാറപ്രം, പിണറായി, കയ്യൂർ, കരിവള്ളൂർ, കാവുമ്പായി, തില്ലങ്കേരി, രാവണീശ്വരം, മടിക്കൈ, ഒഞ്ചിയം, പുന്നപ്ര തുടങ്ങിയ വിപ്ലവ ഭൂമികളിലെല്ലാം ബി.ജെ.പി.ക്ക് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്, വോട്ട് കൂടിയിട്ടുണ്ട്. സി.പി.എം. പ്രവർത്തകരുടെ ’ബി.ജെ.പി.വിരുദ്ധ മനസ്സ്’ മാറിയെന്നതിന്റെ തെളിവായാണ് ഇതിനെ ബി.ജെ.പി. വിലയിരുത്തുന്നത്. ബി.ജെ.പി.-സി.പി.എം. സംഘർഷം കുറഞ്ഞതാണ് ഇതിനു കാരണമെന്ന് മുതിർന്ന ബി.ജെ.പി. നേതാവ് പറഞ്ഞു.
ഇടതു പാർട്ടികളിൽനിന്ന് ബി.ജെ.പി.യിലേക്ക് വോട്ട് ചോർന്നതിലൂടെ കേരളത്തിൽ, രാഷ്ട്രീയനയം മാറ്റാനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം. ‘കോൺഗ്രസ് ദുർബലപ്പെടുമ്പോൾ ബി.ജെ.പി. വളരു’മെന്ന പൊതു വിലയിരുത്തലിൽനിന്ന് ഇടതു പാർട്ടികളുടെ തളർച്ച മുതലാക്കിയാൽ നേട്ടമുണ്ടാക്കാമെന്ന നിലപാടിലേക്കുള്ള മാറ്റമാണ് സംഭവിക്കുക. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വടക്ക് അടക്കമുള്ള 12 പഞ്ചായത്തുകളിൽ ബി.ജെ.പി. എൽ.ഡി.എഫിനു മുന്നിലെത്തിയിരുന്നു. ഈ പഞ്ചായത്തുകളാണ് സാമ്പിൾ പഠനത്തിനായി എടുത്തിരിക്കുന്നത്.
സി.പി.എം.കേന്ദ്രങ്ങളിലും രക്തസാക്ഷി ഗ്രാമങ്ങളിലും ബൂത്ത്, പഞ്ചായത്ത്, നിയമസഭാമണ്ഡലം എന്നീ ക്രമത്തിൽ ലഭിച്ച വോട്ടുകളുടെ താരതമ്യപഠനമാണ് നടത്തുക. മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം.നേതാക്കളുടെ ബൂത്തുകളിൽ ബി.ജെ.പി.ക്കു കിട്ടിയ വോട്ടും പഠനവിധേയമാക്കും. ഇത്തരം ചില ബൂത്തുകളിൽ ഇത്തവണ ബി.ജെ.പി.ക്ക് വർധിച്ച വോട്ടിനു തുല്യമായ വോട്ട് എൽ.ഡി.എഫിന് കുറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ സി.പി.എം.വോട്ട് തങ്ങളുടെ പെട്ടിയിൽ വീണതായാണ് ബി.ജെ.പി. വിലയിരുത്തുന്നത്. ബി.ജെ.പി.ക്ക് ഒരു അംഗത്വം പോലുമില്ലാത്ത ബൂത്തുകളിലും ഇത്തവണ വോട്ട് കിട്ടി. വോട്ട് ചെയ്തവരെ കണ്ടെത്താനും അവർക്ക് അംഗത്വം കൊടുക്കാനും കേന്ദ്രനേതൃത്വം നിർദേശിച്ചിട്ടുണ്ട്.
.
.
.
.
.
Leave a Comment