സൂപ്പർ ഹിറ്റ് സംഗീത സംവിധായകന്മാരായ വിഷ്ണു വിജയ് – സാം സി എസ് ആദ്യമായി ഒന്നിക്കുന്നു ; പ്രതീക്ഷ കൂട്ടി ‘പണി’

കൊച്ചി : മലയാളം, തമിഴ് ഭാഷകളിലായി ഹിറ്റ് ഗാനങ്ങൾ മാത്രം നൽകിയ രണ്ട് സൂപ്പർ ഹിറ്റ് സംഗീത സംവിധായകർ ഒന്നിക്കുന്ന ഒരു ചിത്രം. അതും സൂപ്പർ ഹിറ്റ്‌ നായകനൊപ്പം, ആവേശം കൂടാൻ ഇനി ഇതിൽപ്പരം എന്ത് വേണം. ജോജു ജോർജ് ആദ്യമായി രചന – സംവിധാനം നിർവഹിക്കുന്ന ‘പണി’ സിനിമയിൽ ആണ് ഹിറ്റ് സംഗീത സംവിധായകർ ആയ വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ഒന്നിക്കുന്നത്. ഇരുവരും ചേർന്നാണ് പണിയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്, മാത്രവുമല്ല ചിത്രത്തിലെ ആർ ആർ ഒരുക്കിയതും ഇരുവരും ചേർന്നാണ്.

മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകിയ, അവയെല്ലാം തന്നെ ഹിറ്റടിക്കുകയും ചെയ്ത ഇരുവരുടെയും ഗാനങ്ങൾക്ക് ആരാധകർ കാത്തിരിക്കാറുണ്ട്. ജോജുവിന്റെ പണിയിൽ ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത തന്നെ സിനിമയ്ക്ക് നൽകുന്ന ഹൈപ്പ് വലുതാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഒരുപിടി മികച്ച ഗാനങ്ങൾ നൽകിയ ഈ സംഗീത സംവിധായകർ പണിയിൽ ഒരുക്കി വെച്ചിരിക്കുന്ന മാജിക് എന്താണ് എന്നറിയാൻ ഓഗസ്റ്റ് വരെ കാത്തിരുന്നാൽ മതി. പണി ആഗസ്ത് ആദ്യ വാരം റിലീസിനെത്തുമെന്നാണ് സൂചന.

അതേ സമയം റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പണിയിലെ’ നായകൻ ജോജുവിന്റെയും നായിക അഭിനയയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. ഗൗരി – ഗിരി കോമ്പോ ഹിറ്റാകും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അറുപതോളം ജൂനിയർ താരങ്ങൾ അണിനിരക്കുന്ന ചിത്രം 100 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരിച്ചത്. മുന്തിയയിനം ക്വാളിറ്റിയിലുള്ള ക്യാമറകളും മറ്റും ഉപയോഗിച്ച് ചിത്രീകരിച്ച ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘പണി’. അണിയറയിൽ പ്രമുഖർ പ്രവർത്തിച്ച മികച്ച ടീം തന്നെയാണ് ‘പണി’യുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്.

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

pathram desk 2:
Related Post
Leave a Comment