പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! റിലീസ് ട്രെയിലർ പുറത്തുവിട്ടു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ റിലീസ് ട്രെയിലർ പുറത്തുവിട്ടു. ജൂൺ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസറിന് വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ട്രെയിലർ കൂടെ റിലീസ് ചെയ്തതോടെ വലിയ പ്രതീക്ഷയോടെയാണ് ഈ ഇതിഹാസ ചിത്രത്തിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കൽക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്. വരേണ്യവർഗം നിയന്ത്രിക്കുന്നവർ വസിക്കുന്ന ഇടമായ് ‘കോംപ്ലക്സ്’ അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാൽ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായ് പ്രവർത്തിക്കുന്ന ഇടമായ് ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ ട്രെയിലർ ലഭ്യമാണ്.

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണാണ് കൈകാര്യം ചെയ്യുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രമായ് കമൽഹാസനും ‘ഭൈരവ’യായ് പ്രഭാസും ‘റോക്സി’യായി ദിഷാ പടാനിയും വേഷമിടുന്നു. വമ്പൻ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയാണ് ‘കൽക്കി 2898 എഡി’. ​മികച്ച പശ്ചാത്തല സം​ഗീതംത്തോടൊപ്പം ​ഗംഭീര വിഎഫ്എക്‌സും നൽകികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. പിആർഒ: ശബരി.

pathram:
Related Post
Leave a Comment