യുദ്ധങ്ങള്‍ക്കു പോലും ഉപയോഗിക്കാവുന്ന വാഹനം ; കല്‍ക്കി 2898 എ ഡി യിലെ പ്രഭാസിന്റെ സുഹൃത്ത് ‘ബുജ്ജി’ ഫ്യൂച്ചറിസ്റ്റിക് സൂപ്പര്‍ കാറിനെ അവതരിപ്പിച്ച് ടീസർ

ചെന്നൈ: പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്, കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന വലിയ താരനിരയും, ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട് ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ കഥയായതിനാലും, ചിത്രത്തിലുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയും സന്തതസഹചാരിയുമായ ഫ്യൂച്ചറിസ്റ്റിക് സൂപ്പര്‍ കാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒരു ടീസറിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആധുനിക സാങ്കേതിക വിദ്യകളാല്‍ സമ്പുഷ്ടമായ, യുദ്ധങ്ങള്‍ക്കു പോലും ഉപയോഗിക്കാവുന്ന ഒരു വാഹനമായാണ് ബുജ്ജിയെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോബോട്ടിക് കാര്‍ ആയതിനാല്‍ മനുഷ്യശബ്ദത്തില്‍ സംസാരിക്കാനും ബുജ്ജിയ്ക്ക് കഴിയും. ദേശീയ അവാര്‍ഡ്‌ ജേതാവായ തെന്നിന്ത്യന്‍ നായിക കീര്‍ത്തി സുരേഷ് ആണ് ബുജ്ജിയ്ക്ക് ശബ്ദം നല്‍കുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പുഷ്ടമാണെങ്കില്‍ത്തന്നെയും ഭൈരവയും ബുജ്ജിയും തമ്മിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുമെന്ന് പുതിയ ടീസര്‍ ഉറപ്പുനല്‍കുന്നുണ്ട്. ഹൈദരാബാദില്‍ 20000 ഫാന്‍സിന്റെ സാന്നിദ്ധ്യത്തിലാണ് ബുജ്ജിയുടെ ലോഞ്ച് അരങ്ങേറിയത്. ചിത്രത്തിലെ നായകനായ പ്രഭാസ് ആണ് ആരാധകരുടെ മുന്നില്‍ വച്ച് ബുജ്ജിയെ അവതരിപ്പിക്കുന്ന ടീസര്‍ വീഡിയോ പ്രകാശിപ്പിച്ചത്. വളരെ മികച്ച പ്രതികരണമാണ് ടീസര്‍ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മുന്‍പ് പുറത്തുവിട്ട കല്‍ക്കിയിലെ കഥാപാത്രങ്ങളായ ഭൈരവ, അശ്വത്ഥാമാ തുടങ്ങിയ കഥാപാത്രങ്ങളെ സ്വീകരിച്ച പോലെ ബുജ്ജിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കല്‍ക്കി ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27-നാണ് ചിത്രം തീയറ്ററുകളിൽ എത്തുക.

ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. വിതരണം: എഎ ഫിലിംസ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്

pathram desk 1:
Leave a Comment