കൊച്ചിയും തൃശൂരും ‘പൊളി’യാണ്; ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ പിന്തള്ളി

കൊച്ചി: ജീവിതനിലവാര സൂചികയില്‍ മികച്ച നേട്ടം കൈവരിച്ച് കേരളത്തിലെ നഗരങ്ങളായ കൊച്ചിയും തൃശൂരും. വന്‍കിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരമാണ് കൊച്ചിയിലും തൃശൂരിലുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പറയുന്നത്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്‍വഹണം എന്നീ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കി ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ്.

നഗരവാസികളുടെ ക്ഷേമം, സാമ്പത്തികസ്ഥിതി, ആരോഗ്യസ്ഥിതി, സൗകര്യങ്ങളുടെ ലഭ്യത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളിലെ ജീവിതനിലവാരം ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് റാങ്ക് ചെയ്തത്. ഇത് പ്രകാരം മുംബൈയുടെ റാങ്ക് 915 ആണ്. ഡല്‍ഹി-838, ഐ.ടി. ഹബ്ബായ ബെംഗളൂരു-847, ഹൈദരാബാദ്-882 എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റ് വന്‍കിട നഗരങ്ങളുടെ റാങ്ക്.

എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പ്രകാരം കൊച്ചിയുടെ റാങ്ക് 765 ആണ്. തൃശൂര്‍ 757ാം റാങ്കോടെ കൊച്ചിയ്ക്കും മുന്നിലുണ്ട്.

അതേസമയം ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും സൂചികകളില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളേക്കാള്‍ മുന്നിലാണ് ഡല്‍ഹിയും മുംബൈയും ബെംഗളൂരുവും. മൊത്തം റാങ്കിങ് നോക്കുമ്പോള്‍ മുംബൈ 427-ാം സ്ഥാനത്തും ഡല്‍ഹി 350-ാം സ്ഥാനത്തും ബെംഗളൂരു 411-ാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്.

ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നഗരം യു.എസ്.എയിലെ ന്യൂയോര്‍ക്ക് ആണ്. പിന്നാലെ ലണ്ടന്‍, സാന്‍ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളുമുണ്ട്.

pathram desk 1:
Related Post
Leave a Comment