തഗ് ലൈഫ് അപ്‌ഡേറ്റ് : കമൽഹാസനോടൊപ്പം ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ

ഓരോ അപ്ഡേറ്റുകൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുന്ന മണിരത്നം – കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സൂപ്പർ താരം സിലമ്പരശൻ ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്ന ക്യാരക്ടർ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിൽ കുതിച്ചു പായുന്ന സിലമ്പരശന്റെ ടീസറാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈയിൽ തോക്കുമായി തീപ്പൊരിലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലേക്കുള്ള എൻട്രി. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രത്തിൽ ആക്ഷന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നു കൂടിയാണ്.

മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി.ആർ.ഒ – പ്രതീഷ് ശേഖർ.

pathram:
Related Post
Leave a Comment