കണ്ണൂർ: കെ.കെ രമയുടെ മുഖംമൂടി ധരിച്ച് അശ്ലീലപ്രകടനം നടത്തിയ സി.പി.എം ചെയ്തിയെ കേരളീയസമൂഹം മറന്നിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. അതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനാണോയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിരിക്കുന്ന കമന്റുകള്‍ രാഹുല്‍ ഉയര്‍ത്തിക്കാട്ടി. ഈ കമന്റുകള്‍ ഏറ്റെടുക്കേണ്ടത് കെ. രാധാകൃഷ്ണനാണോയെന്നും അദ്ദേഹം ചോദിച്ചു. കെ.കെ രമയുടെ മുഖംമൂടി ധരിച്ച് അശ്ലീലപ്രകടനം നടത്തിയ സി.പി.എം ചെയ്തിയെ കേരളീയസമൂഹം മറന്നിട്ടില്ല. അന്ന് അവിടെനിന്ന് മത്സരിച്ച സി.പി.എം സ്ഥാനാര്‍ഥിയ്ക്കാണോ അതിന്റെ ഉത്തരവാദിത്വം?, രാഹുൽ ചോദിച്ചു.
തനിക്കെതിരെ നടത്തിയ എത്രയോ വ്യാജപ്രചാരണങ്ങളുണ്ട്. അമ്മയും ഞാനും നില്‍ക്കുന്ന ചിത്രത്തില്‍ പങ്കുവച്ചപ്പോള്‍ അതില്‍ അശ്ലീലച്ചുവയോടുകൂടി കമന്റ് ചെയ്തവര്‍ക്കെതിരെ ഞാൻ പരാതി നല്‍കിയിരുന്നു. എന്നാല്‍, വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല, രാഹുൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ സൈബര്‍ കുറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് കേരള പോലീസാണ്. അവര്‍ നടപടിയെടുക്കാത്തതിന് തങ്ങളോട് കുതിരകയറിയിട്ട് കാര്യമില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പേജില്‍നിന്ന് അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞിട്ടുണ്ട്. വെളളത്തിന് തീ പിടിപ്പിക്കുന്ന പച്ചക്കള്ളമാണിത്.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലൊരു വാര്‍ത്ത ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ദേശാഭിമാനിക്കെതിരെ കേരള പോലീസിന് പരാതി നല്‍കുകയും മാനനഷ്ടത്തിന് കോടതി മുഖാന്തരം വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. വ്യാജപ്രചരണം നടത്തിയ ശ്രീമതി ടീച്ചർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും രാഹുൽ പറഞ്ഞു.
തന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിക്കെതിരെ വ്യാജമായ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്നാണ് വാര്‍ത്ത. താന്‍ ഈ രീതിയിലൊരു വീഡിയോയോ ഫോട്ടോയോ വ്യാജമായി പ്രചരിപ്പിച്ചതായോ ചമച്ചതായോ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍നിന്ന് എങ്ങിനെയെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വടകരയിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. ഇക്കാര്യത്തില്‍ വടകരയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Leave a Comment