ന്യൂയോർക്ക്: അമേരിക്കയിൽ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ. ന്യൂജേഴ്‌സി ട്രെൻടൺ ഹാമിൽട്ടൺ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച അസൻപിങ്ക് വൈൽഡ് ലൈഫ് മാനേജ്‌മെന്റ് ഏരിയയിൽനിന്ന് വിവസ്ത്രരായ നിലയിലാണ് അധ്യാപികയെയും വിദ്യാർഥിയെയും അധികൃതർ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പലതവണ ഇതേ സ്ഥലത്തുവെച്ച് വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതായി പ്രതി മൊഴി നൽകി.
കഴിഞ്ഞ ഡിസംബർ മുതൽ ഏകദേശം അഞ്ചുതവണയെങ്കിലും അസൻപിങ്ക് വൈൽഡ്‌ലൈഫ് ഏരിയയിൽവെച്ച് വിദ്യാർഥിയുമായി ശാരീരികബന്ധത്തിലേർപ്പെട്ടെന്നാണ് അധ്യാപികയുടെ മൊഴി. കാറിന്റെ പിറകിലെ സീറ്റിൽവെച്ചാണ് ഇരുവരും ശാരീരികബന്ധത്തിലേർപ്പെട്ടതെന്നും പോലീസ് രേഖകളിൽ പറയുന്നു.
16 വയസ്സ് പ്രായമുള്ള വിദ്യാർഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് റിപ്പോർട്ടുകളിലുള്ളത്. അറസ്റ്റിലായ അധ്യാപിക നിലവിൽ മോൺമൗത്ത് കൗണ്ടി കറക്ഷണൽ ഹോമിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അറസ്റ്റിലായതിന് പിന്നാലെ അധ്യാപികയെ ജോലിയിൽനിന്ന് മാറ്റി നിർത്തിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ പ്രോസിക്യൂട്ടർ ഓഫീസുമായി സഹകരിക്കുമെന്നും വിദ്യാർഥികൾക്ക് ഹാനികരമായ ഒരു പ്രവൃത്തിയെയും തങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ അധ്യാപികയുടെ പ്രൊഫൈലും സ്‌കൂൾ വെബ്‌സൈറ്റിൽനിന്ന് അധികൃതർ നീക്കംചെയ്തിട്ടുണ്ട്.
Leave a Comment