സിപിഎം നേതാവും ബിജെപിയിലേക്ക്..? ചർച്ച നടത്തിയ കാര്യം സംസ്ഥാന സെക്രട്ടറിയെ അറിയ്ച്ച് എസ്. രാജേന്ദ്രൻ

കൊച്ചി: ദേവികുളം മണ്ഡലത്തിലെ സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രനായി വലവീശി ബി.ജെ.പി. മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച രാജേന്ദ്രന്‍, പക്ഷേ ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്ത നിഷേധിച്ചു.

മൂന്നാറിലെ വീട്ടിലെത്തി

രാജേന്ദ്രനെ പാളയത്തിലെത്തിക്കാനുള്ള നീക്കം കുറച്ചുകാലമായി ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട് എന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് ഒരുമാസം മുന്‍പ്, കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഇടുക്കിയിലെത്തിയപ്പോള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയത്. രാജേന്ദ്രന്റെ മൂന്നാറിലെ വീട്ടിലെത്തി മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ ചര്‍ച്ച നടത്തി. ഇതിന് പുറമേ പി.കെ. കൃഷ്ണദാസ് അദ്ദേഹവുമായി ഫോണിലും ചര്‍ച്ച നടത്തിയെന്നാണ് വിവരം. തമിഴ്‌നാട്ടില്‍നിന്നുള്ള ബി.ജെ.പിയുടെ ഒരു ദേശീയനേതാവു കൂടി രാജേന്ദ്രനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഈ വാര്‍ത്തകളൊന്നും ബി.ജെ.പി. വൃത്തങ്ങള്‍ നിഷേധിച്ചിട്ടില്ല.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ല
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഇടപെടലുകള്‍ പലഘട്ടത്തിലും നടന്നിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ആ സമയത്താണ് ബി.ജെ.പി. നേതാക്കള്‍ തന്നെ സമീപിച്ച കാര്യം രാജേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല.

അതേസമയം താന്‍ ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത എസ്. രാജേന്ദ്രന്‍ നിഷേധിച്ചു. ബി.ജെ.പിയെ കൂടാതെ ചില തമിഴ് രാഷ്ട്രീയ സംഘടനകളും രാജേന്ദ്രനെ സമീപിച്ചിരുന്നു.

.
.

.
.


.
.

pathram desk 1:
Leave a Comment