കൊച്ചി: അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര എന്ന ടാഗ്‌ലൈനോടെ സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രം ‘വിശേഷം’, കൊച്ചിയിൽ ഇന്ന് ചിത്രീകരണം ആരംഭിച്ചു. സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി
എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് മധുസൂദനൻ തിരക്കഥ എഴുതി സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി- ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ്.
കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘വിശേഷം’ ഒരു നർമ്മത്തിൽ പൊതിഞ്ഞ കുടുംബ ചിത്രമാണ്.
സൂരജ് ടോം മുമ്പ് ‘പാ.വാ’ (2016), ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ (2018), ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ (2021) തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആൽബർട്ട് പോളാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
‘പൊടിമീശ മുളയ്ക്കണ കാലം’ പോലുള്ള ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘വിശേഷ’ത്തിനുണ്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, വരികൾ, സംഗീതം എന്നിവ നിർവഹിച്ചിരിക്കുന്നതും ആനന്ദ് തന്നെയാണ്. ‘മോളി ആന്റി റോക്‌സ്’, ‘പാ.വാ’, ‘പ്രേതം’, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’, ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ തുടങ്ങിയ ചിത്രങ്ങളുടെ സംഗീതവും, ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ എന്ന ചിത്രത്തിന്റെ രചനയും ആനന്ദ് മുൻപ് നിർവഹിച്ചിട്ടുണ്ട്. ഒരു അഭിനയതാവ് എന്ന നിലയിൽ ആനന്ദിന്റെ മലയാള സിനിമയിലേക്കുള്ള ഉറച്ച കാൽവെപ്പ് തന്നെയായിരിക്കും ‘വിശേഷം.’ ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിനുശേഷം ആനന്ദ് മധുസൂദനനും സൂരജ് ടോമും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിശേഷം’. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുക ‘മധുര മനോഹര മോഹം’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാളവിക വി. എൻ ആയിരിക്കും.
കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ, ബൈജു എഴുപുന്ന, ജോണി ആന്റണി, അൽത്താഫ് സലിം, കുഞ്ഞി കൃഷ്ണൻ, വിനീത് തട്ടിൽ, ശരത് സഭ, മാലാ പാർവതി, ഷൈനി രാജൻ, ജിലു ജോസഫ്, സരസ ബാലുശ്ശേരി, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരടങ്ങുന്ന വലിയ താരനിരയും ഉണ്ട്.
കോസ്റ്റ്യൂം ഡിസൈനർ മഞ്ജുഷ രാധാകൃഷ്ണൻ, കലാസംവിധായകൻ അനീഷ് ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ എന്നിവരടങ്ങുന്നതാണ് ‘വിശേഷ’ത്തിന്റെ അണിയറ പ്രവർത്തകർ. കൂടാതെ, ടീമിൽ പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്, എന്നിവരും ഉൾപ്പെടുന്നു. അൺലോക്കിന് വേണ്ടി നിശ്ചലദൃശ്യങ്ങൾ കൃഷ്ണകുമാർ അളഗപ്പനും, ടൈറ്റിൽ & എ.ഐ ആൽവിൻ മലയാറ്റൂരും കൈകാര്യം ചെയ്യും. ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനും അൺലോക്ക് തന്നെയാണ്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ.
Leave a Comment