പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കഥ ഇനി വെള്ളിത്തിരയിൽ; ആടുജീവിതത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് പ്രഭാസ്

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ്. പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം ബ്ലെസി ഒരുക്കുന്ന ചിത്രം ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയുടെ കാഴ്ച.

മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ മുൻനിർത്തി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

‘നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടു കഥകൾ മാത്രമാണ്’ എന്ന ടാഗ്ലൈനോടെ വന്ന ബെന്യാമിന്റെ മലയാള സാഹിത്യത്തിലെ ക്ലാസിക്ക് നിലവാരത്തിലേക്ക് ഉയർന്ന കൃതിയാണ്.
ആടുജീവിതം വായനക്കാർക്ക് വ്യത്യസ്ത അനുഭവങ്ങളാണ് നൽകിയത്. ചിലർക്ക് ഇത് പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യന്റെ പോരാട്ടമാണ്. ചിലർക്ക് ഇത് എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെയുള്ള മനുഷ്യാത്മാവിന്റെ വിജയമാണ്. ചിലർക്ക് വിധി എത്ര ക്രൂരമായിരിക്കും. ചിലർക്ക് അത് ആത്മീയതയെയും മനുഷ്യഹൃദയത്തിൽ ശാശ്വതമായി കിടക്കുന്ന പ്രത്യാശയെയും കുറിച്ചാണ്.

മലയാളത്തിൽ എറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ നോവൽകൂടിയാണ് ആടുജീവിതം. ചിത്രം ഇന്നത്തെ തലമുറയ്ക്ക് കൂടി വേണ്ടിയാണ് ഒരുക്കുന്നതെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. ‘ഇന്നത്തെ സിനിമ കാണുന്ന യുവാക്കളിൽ ഭൂരിഭാഗവും ആടുജീവിതം ഇത്രയും ജനപ്രീതി നേടിയ ശേഷവും വായിച്ചിട്ടില്ലെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. അവരിൽ ചിലരെ ഞങ്ങൾ സിനിമ കാണിക്കുകയും സിനിമയെ എങ്ങനെ നിർവചിക്കുമെന്ന് അവരോട് ചോദിക്കുകയും ചെയ്തു. ‘ഞങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വലിയ അതിജീവന സിനിമയാണ് ഇത്. യഥാർത്ഥ കഥയാണ് ഇതെന്നത് അവിശ്വസനീയമാണ്’ എന്നുമായിരുന്നു അവർ പറഞ്ഞത്. ആടുജീവിതം എന്ന സിനിമയെ നിർവചിക്കാനും ഇതേ വാക്കുകൾ തന്നെ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചത് എന്നും സംവിധായകൻ ബ്ലെസി പറഞ്ഞു.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നേരത്തെ ചിത്രത്തിൻറെ ട്രെയിലർ എന്ന പേരിൽ 3 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്ന ആ വീഡിയോ ട്രെയ്‌ലർ അല്ലെന്നും വേൾഡ്‌വൈഡ് റിലീസിന് മുന്നോടിയായി ഇന്റലർനാഷണൽ ഏജൻറുമാർക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങൾ ചോർന്നതാണെന്നും സംവിധായകൻ ബ്ലെസി പിന്നീട് അറിയിച്ചിരുന്നു.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

pathram desk 2:
Related Post
Leave a Comment